ദീപിക പദുക്കോണുമായുള്ള വിവാഹം: രണ്‍വീര്‍ സിംങ് മനസ്സു തുറക്കുന്നു

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹത്തെ കുറിച്ചുള്ള സംസാരമാണ് ബോളിവുഡിലെങ്ങും. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായ പോലെ വിദേശത്തുവെച്ച് ഇരുവരും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത കുറേയായി പ്രചരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താരങ്ങള്‍ ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടുമില്ല. ആരാധകരും മാധ്യമങ്ങളും കാത്തിരിക്കുന്ന വിവാഹവാര്‍ത്തയോട് ഒടുവില്‍ കഥാനായകന്‍ രണ്‍വീര്‍ തന്നെ മനസു തുറക്കുകയാണ്.

‘നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മാത്രമാണ്. ഔദ്യോഗികമായി ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ ഇന്ന ദിവസം വിവാഹം നടക്കുമെന്ന് പറയാന്‍ ഞാനൊരു പ്രവാചകനൊന്നുമല്ല. തല്‍ക്കാലം ഞങ്ങള്‍ പേരും ഞങ്ങളുടെ കരിയറില്‍ അങ്ങേയറ്റം തിരക്കിലാണ്. കൂടാതെ, നടുവേദനയില്‍ നിന്നും മറ്റും ദീപിക ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നേയുളളൂ. ഞങ്ങള്‍ ഓരോരോ കാര്യങ്ങളായി തിരക്കിലാണ്. ഭാവിയില്‍ ഇനി എന്തെങ്കിലും പ്രഖ്യാപനങ്ങളുണ്ടാവുകയാണെങ്കില്‍ വീടിനു മുകളില്‍ കയറി നിന്ന് ഞാന്‍ വിളിച്ചു കൂവുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം’രണ്‍വീര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റില്‍ വെച്ച് രണ്‍വീറും ദീപികയും വിവാഹിതരാകുന്നുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് റണ്‍വീറിന്റെ രംഗപ്രവേശം.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കക്കൊപ്പവും. സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. രാംലീല മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന സംസാരം ബോളിവുഡില്‍
നിറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയത്.