രാജ്യത്ത് പലായനത്തിന്റെ സങ്കടക്കാഴ്ചകള്‍; വഴിമധ്യേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, വീടെത്താന്‍ നടന്നത് 200 കിലോമീറ്ററോളം

ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച് 21 ദിവസ അടച്ചുപൂട്ടല്‍ നാലും ദിവസം കഴിയവെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് തിരിച്ച യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ മുറൈനയിലേക്ക് നടന്ന ഫുഡ് ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്ന റണ്‍വീര്‍ സിങാ(38)ണ് വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ചത്. 200 കിലോമീറ്ററോളം നടന്നതോടെ ശനിയാഴ്ച രാവിലെ ഇയാള്‍ വഴിമധ്യേ ആഗ്രയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

ഡല്‍ഹി തുഗ്ളക്കാബാദില്‍ ഇയാള്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നു. കുറച്ചു സസമയത്തിനുള്ളില്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് എല്ലാ മേഖലകളും നിശ്ചലമായിരുന്നെങ്കിലും അവശ്യസര്‍വീസ് മേഖലയായ ഭക്ഷണ വിതരണ മേഖല പൂട്ടിയിരുന്നില്ല. എന്നാല്‍ രണ്‍വീര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ലോക്ക് ഡൗണിനെ വിഭവങ്ങള്‍ ലഭ്യമല്ലാതായതോടെ ജോലി നഷ്ടമായതാണ് മൂന്ന് കുട്ടികളുടെ പിതാവായ ഇയാളെ നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. നാട്ടിലെത്താന്‍ 100 കിലോമീറ്റര്‍ കൂടി മാത്രമേ വേണ്ടിയിരുന്നുള്ളൂ എന്നിരിക്കെ മൂന്നുദിവസത്തോളം നടത്തിയ തുടര്‍ച്ചയായ യാത്രയായണ് യുവാവിനെ തളര്‍ത്തിയത്്. കഠിനമായ പ്രവര്‍ത്തിയില്‍ ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറി.

അതേസമയം, കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ദിവസവേതന തൊഴിലാളികള്‍ വന്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നത് രാജ്യത്ത് തുടരുകയാണ്. പെട്ടെന്നുള്ള അടച്ചുപൂട്ടലോടെ വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ കാല്‍നടയായി തിരിക്കുന്നത്.

ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍, മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന 10,000 മുതല്‍ 15,000 വരെ ആളുകള്‍ ശനിയാഴ്ച രാത്രി ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത് വലിയ വാര്‍ത്തയായി. സംസ്ഥാന അതിര്‍ത്തികളില്‍ ആളുകള്‍ കൂടിയതോടെ അരാജകത്വവും ആശയക്കുഴപ്പവും നിലനില്‍ക്കുന്ന അവസ്ഥയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാര മാര്‍ഗം കണ്ടെത്താത്ത കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.