കരുണയില്ലാതെ ഉമേഷ് യാദവ്: രഞ്ജി സെമിയില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

മുസ്തഫ കെ.എസ്
കൃഷ്ണഗിരി


രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. ഏറെ പ്രതീക്ഷയോടെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ വിദര്‍ഭക്കെതിരെ ഇറങ്ങിയ കേരളം രണ്ടാം ദിവസം തന്നെ ഇന്നിങ്‌സിനും 11 റണ്‍സിനും തോല്‍വി സമ്മതിക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി പന്ത്രണ്ട് വിക്കറ്റെടുത്ത അന്താരാഷ്ട്ര താരം ഉമേഷ് യാദവ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്നലെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കേരളം ഉമേഷിന്റെ ഏഴു വിക്കറ്റ് പ്രകടനത്തിനു മുന്നില്‍ മുട്ടുമടക്കി 106 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ക്യാപ്ടന്‍ സച്ചിന്‍ ബേബി (22), വിഷ്ണു വിനോദ് (37 നോട്ടൗട്ട്), ബേസില്‍ തമ്പി (10) എന്നിവരൊഴികെ ഒരാളും രണ്ടക്കം പോലും കണ്ടില്ല.

മറുപടി ബാറ്റിങില്‍ ഫായിസ് ഫസല്‍ (75), വസീം ജാഫര്‍ (34), അഥര്‍വ തയ്‌ഡെ (23) എന്നിവര്‍ തിളങ്ങിയപ്പോള്‍ വിദര്‍ഭക്ക് 208 റണ്‍സെടുക്കാനായി. ഒരു ഘട്ടത്തില്‍ നാലിന് 171 എന്ന ശക്തമായ നിലയിലായിരുന്ന വിദര്‍ഭയെ കേരളത്തിന്റെ പേസര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി മൂന്നും നിധീഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

102 റണ്‍സ് പിറകില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിനു വേണ്ടി ഓപണര്‍ അരുണ്‍ കാര്‍ത്തിക്ക് (36) നന്നായി തുടങ്ങിയെങ്കിലും മറുവശത്ത് ഉമേഷ് യാദവും യാഷ് ഠാക്കൂറും വന്‍നാശം വിതച്ചു. സച്ചിന്‍ ബേബി അക്കൗണ്ട് തുറക്കുംമുമ്പേ റണ്ണൗട്ടായപ്പോള്‍ ബാക്കിയുള്ള വിക്കറ്റുകള്‍ ഉമേഷും (അഞ്ച്) യാഷും (നാല്) പങ്കിട്ടു. അരുണിനു പുറമെ വിഷ്ണു വിനോദ് (15), സിജോമോന്‍ ജോസഫ് (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 91 റണ്‍സിന് എല്ലാ ബാറ്റ്‌സ്മാന്മാരും കൂടാരം കയറിയതോടെ കേരളത്തിന്റെ ആദ്യ രഞ്ജി ഫൈനല്‍ നിരാശപ്പെടുത്തുന്ന ഓര്‍മയായി.