ബി.ജെ.പി നേതാവായ അഭിഭാഷകന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്

ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയ ബി.ജെ.പി നേതാവായ അഭിഭാഷകന് ആദ്യ ദിവസം തന്നെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്. അഭിഭാഷക ഗൗണ്‍ ധരിച്ചു വന്ന പെറ്റിഷണര്‍ ഇന്‍ പേഴ്‌സണായ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയെ ആണ് ചീഫ് ജസ്റ്റിസ് താക്കീത് ചെയ്തത്. ‘പെറ്റിഷണര്‍ ഇന്‍ പേഴ്‌സണായ നിങ്ങള്‍ക്ക് എങ്ങനെയാണ് ഗൗണ്‍ ധരിക്കാനാവുക. ആ കാരണത്താല്‍ തന്നെ നിങ്ങളുടെ ഹര്‍ജി തള്ളാം’-ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.

കോടതിയുടെ ദൈനം ദിന പ്രവര്‍ത്തനത്തില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ ചീഫ് ജസ്റ്റിസ് നടപ്പാക്കി. കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെ മെന്‍ഷന്‍ ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ദിവസവും ഇരുപത് മിനുട്ട് വരെ നീണ്ടിരുന്ന നടപടികളാണ് അവസാനിപ്പിച്ചത്. ആരെയെങ്കിലും തൂക്കിലേറ്റുന്നതോ വീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതോ ആയ ഘട്ടങ്ങളില്‍ മാത്രമേ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാവൂ എന്ന് ജസ്റ്റിസ് ഗോഗോയ് നിര്‍ദേശിച്ചു.

മുതിര്‍ന്ന അഭിഭാഷകരുടെ സൗകര്യത്തിനായി കേസുകള്‍ പാസ് ഓവര്‍ ചെയ്യുന്ന രീതിയും അനുവദിക്കില്ല. കേസുകള്‍ ലിസ്റ്റ് ചെയ്ത ക്രമത്തില്‍ തന്നെ പരിഗണിക്കും. പരിഗണിക്കാന്‍ നിശ്ചയിച്ച ദിവസം ക്രമം മാറ്റാനും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

SHARE