നിലക്കാത്ത ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെയായിരുന്നു സത്യപ്രതിജ്ഞ. സഭയില്‍ 131ാം സീറ്റ് നമ്പറാണ് ഗൊഗോയിക്ക് അനുവദിച്ചിട്ടുള്ളത്.

നാലു മാസങ്ങള്‍ക്കു മുമ്പു മാത്രം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച രഞ്ജന്‍ ഗൊഗോയുടെ നാമനിര്‍ദ്ദേശത്തിനെതിരെ മുന്‍ ജ്ഡ്ജിമാര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ക്കു നേരെയുള്ള ഗൗരവതരവും അപ്രതീക്ഷിതവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണമാണ് ഗൊഗോയിയുടെ നിയമനം എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങി പോയി.

അതേ സമയം സത്യപ്രതിജ്ഞക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു.

ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. സാമൂഹികപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂര്‍ണിമ കിഷ്വാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിരമിച്ചശേഷം ജഡ്ജിമാര്‍ പദവികള്‍ സ്വീകരിക്കുന്നത് രാജ്യത്തെ കോടതികളുടെ സ്വാതന്ത്ര്യത്തിനു കളങ്കമേല്‍പ്പിക്കുമെന്ന് ജസ്റ്റിസ് ഗൊഗോയിതന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.