രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സീറ്റ് ബാബരി വിധിക്കുള്ള പ്രത്യുപകാരമോ

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിന് പിറകെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ബാബരി മസ്ജിദ്,റഫേല്‍ എന്നീ കേസുകളില്‍ കേന്ദ്രത്തിന് വേണ്ടി വിധി പ്രസ്താവിച്ചതിന്റെ പ്രത്യുപകാരമാണോ രാജ്യസഭാ സീറ്റെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്രക്കെതിരെ രംഗത്ത് വന്ന നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ഗോഗോയ്. എന്നാല്‍ അന്ന് ദീപക്ക് മിശ്രക്കെതിരെ ആരോപിച്ചിരുന്ന അതേ പ്രശ്‌നത്തിന്റെ പുറത്തായിരുന്നു ഗോഗോയും വിമര്‍ശനങ്ങള്‍ക്ക് വിധേയനായത്. ഭരണകൂടത്തിന് വേണ്ടി നിലപാടെടുക്കുന്നു എന്നായിരുന്നു രണ്ട് പേര്‍ക്കും എതിരെയുണ്ടായിരുന്ന വിമര്‍ശനം.

രാഷ്ട്രപതി ഗോഗോയെ നോമിനേറ്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് വന്നതോടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.സര്‍ക്കാര്‍ വാഗ്ദാനത്തോട് ഗൊഗോയ് നോ പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെ അത് ബാധിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ പ്രതികരിച്ചു. ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാലയും സഞ്ജയ് ഝായും രാഷ്ട്രപതിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു ഒരു ചീഫ് ജസ്റ്റിസ് ലൈഗികാരോപണം നേരിടുന്നത്.2018 ഒക്ടോബര്‍ 3 നാണ് ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധികാരമേറ്റത്. 2019 നവംബര്‍ 17 നാണ് പദവിയില്‍ നിന്ന് വിരമിച്ചത്.

SHARE