മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സഹോദരന് സഹമന്ത്രിക്ക് സമാനമായ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സഹോദരനും കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കി. ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പാണ് സഹോദരനും ലഭിച്ചു പദവി നല്‍കിയത്. ഗൊഗോയിയുടെ മൂത്ത സഹോദരന്‍ റിട്ട.എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ദി വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍.ഇ.സിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്. എന്‍.ഇ.സിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്.

2013 ഫെബ്രുവരിയിലാണ് അഞ്ജന്‍ ഗൊഗോയി വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നത്. എന്‍.ഇ.സി. അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അതേസമയം, രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അസമില്‍ നിന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

SHARE