‘ഹിച്കി’യിലൂടെ റാണി മുഖര്‍ജിയുടെ തിരിച്ചുവരവ്; ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റ്

മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് വനിതാ താരം റാണി മുഖര്‍ജി തിരിച്ചുവരുന്നു. റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ‘ഹിച്ച്കി’യുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ നിര്‍മിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിലാണ് പുറത്തിറങ്ങുന്നത്.

ടൂററ്റ് സിന്‍ഡ്രം എന്ന സംസാര വൈകല്യമുള്ള, എന്നാല്‍ അധ്യാപികയാവുകായണ് തന്റെ ജന്മലക്ഷ്യം എന്നു കരുതുന്ന നൈന മാഥൂര്‍ എന്ന യുവതിയായാണ് റാണി മുഖര്‍ജി ചിത്രത്തില്‍ വേഷമിടുന്നത്. കുസൃതികളായ 14 വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ക്ലാസിന്റെ ചുമതല ലഭിക്കുന്ന കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങി അഞ്ച് മണിക്കൂറിനകം എട്ട് ലക്ഷം പേര്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ മാത്രം കണ്ടു കഴിഞ്ഞു.

തിരക്കു കാരണം പ്രിയങ്ക ചോപ്ര ഉപേക്ഷിച്ച റോള്‍ ആണ് ഹിച്കിയില്‍ റാണി ചെയ്യുന്നത്. നല്ല സിനിമകള്‍ തന്റെ വഴിക്കു വരാതിരുന്നതാണ് മൂന്നു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ കാരണമെന്നും ഹിച്കി ഏറെ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണെന്നും റാണി പറയുന്നു. 2014-ല്‍ പുറത്തിറങ്ങി പ്രദീപ് സര്‍ക്കാറിന്റെ മര്‍ദാനി ആണ് ഇതിനു മുമ്പ് അവര്‍ അഭിനയിച്ച ചിത്രം.