മുഖ്യമന്ത്രി ഒട്ടകപക്ഷിയാകരുത്

അബ്ദുറഹിമാന്‍ രണ്ടത്താണി

അഴിമതി അലങ്കാരമായി കാണുന്ന ഇടതുമുന്നണി ഇനിയും ഞാണിന്മേല്‍ കളി തുടരുകയാണ്. നെറികേടുകള്‍ക്ക് പുകമറ സൃഷ്ടിക്കാന്‍ പിആര്‍ വര്‍ക്ക് വഴി ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കേരളീയ സമൂഹത്തെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ കോപ്പു കൂട്ടിയിരിക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ ലാവണത്തില്‍ നിന്ന് തന്നെ സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയില്‍ അഴിമതിക്കറ പുരളാത്ത മന്ത്രിമാരുടെ അംഗ സംഖ്യ അംഗുലീപരിമിതമാണു.നിയമനങ്ങള്‍ റദ്ദാക്കിയും കരാറുകള്‍ അവസാനിപ്പിച്ചും അഴിമതിപ്പണം തിരിച്ചടച്ചും ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുത്തുമൊക്കെ മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നു.ഒടുവില്‍ സംസ്ഥാനത്ത് ഇലക്ട്രോണിക് ബസ്സുകള്‍ റോഡിലിറക്കുന്നതുമായി ബന്ധപ്പെട്ട് 4500 കോടി രൂപയുടെ ഈ മോബിലിറ്റി പദ്ധതിക്ക് കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയത് താനറിയില്ലെന്നും മന്ത്രിസഭ തീരുമാനം ഓര്‍മ്മയില്ലെന്നും പറയേണ്ടി വന്നു. സ്പ്രിംഗ്ലര്‍ ഇടപട് റദ്ദാക്കാന്‍ ഹൈകോടതി ഇടപെടേണ്ടി വന്നു.

കോവിഡ് മറയാക്കി അസംബന്ധ നാടകങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.സര്‍ക്കാറിന്റെ മുഖം മിനുക്കാന്‍ പാര്‍ട്ടി ചാനലിനു ടെന്ററില്ലാതെ കരാര്‍ നല്‍കിയത് 5.26 കോടി രൂപക്കാണു.ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സാണു ബി ജെ പി യുടെ മുഖ്യ ശത്രു എന്ന് തിരിച്ചറിയുന്ന കേന്ദ്രസര്‍ക്കാര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ നിലപാടുകളുമെടുക്കുന്നു.അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ചാനലുകള്‍ വഴി ഇടതു സര്‍ക്കാറിനു ഗുഡ് സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഹോം വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന് പകല്‍ വെളിച്ചം പോലെ സുവ്യക്തമായ സ്വര്‍ണ്ണക്കടത്ത് ഇടിത്തീയായി വീഴുന്നത്. വിമാനത്താവളത്തില്‍ നടന്ന ഒരു സാധാരണ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്സായി ഇതു മാറ്റാനുള്ള പരിശ്രമമാണു അഴിമതികള്‍ മൂടി വെക്കുന്നതില്‍ പരിചയ സമ്പന്നനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം മുതല്‍ നടത്തി കൊണ്ടിരിക്കുന്നത്.

ഇന്ത്യയുമായി വളരെ നല്ല നയതന്ത്രബന്ധം നിലനിര്‍ത്തുന്ന യു എ ഇ പോലുള്ള ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റിന്റെ ഡിപ്ലോമേറ്റ് ബെഗ്ഗേജ് വഴി 30 കിലോഗ്രാം സര്‍ണ്ണം കടത്തിയതാണു പിടികൂടിയത്.ഇതിനു മുമ്പ് പലതവണ ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നും പറയുന്നു.ഇതിനെ നിസ്സാരമാക്കി മാറ്റരുത്.കസറ്റംസ് പിടി കൂടിയ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ സരിത് കുമാറിന്റെ കൂട്ടാളി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് നിയന്ത്രിക്കുന്ന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ ഓപ്പറേഷണല്‍ മാനേജര്‍ സ്വപ്‌ന സുരേഷാണു.ഇവര്‍ ചില്ലറക്കാരിയല്ല. ബഹിരാകാശ ഗവേഷണത്തിനാവശ്യമായ സാങ്കേതിക വിദ്യ,വ്യവസായം തുടങ്ങിയവ പള്ളിപ്പുറത്തെ നോളജ് സിറ്റിയില്‍ കൊണ്ടു വരാനുള്ള ചുമതല ഇവര്‍ക്കാണു നല്‍കിയത്.ഐ സി ടി അക്കാദമി ഡയറക്ടര്‍ക്ക് അധിക ചുമതലയായി സ്‌പെഷല്‍ ഓഫീസര്‍ തസ്തികയുണ്ടെങ്കിലും ഈ സ്ഥാപനത്തിന്റെ സര്‍വ്വാധികാരം സ്വപ്‌നക്കായിരുന്നു.ജനുവരിയില്‍ കോവളത്തു നടന്ന ബഹിരാകാശ ഉച്ഛ കോടിയുടെ സംഘാടകകൂടിയായിരുന്നു മുഖ്യമന്ത്രി പരിചയമില്ലെന്നു പറഞ്ഞ സ്വപ്‌ന എന്നത് കൂട്ടി വായിക്കണം.മുഖ്യ്മന്ത്രി ഉല്‍ഘാടനം ചെയ്ത ഈ യോഗത്തിലാണു തിരുവനന്തപുരം സ്‌പേസ് നഗരമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.യു എ ഇ കോണ്‍സുലേറ്റ്,വിദേശ സര്‍വ്വകലാശാല മേധാവികള്‍,എയര്‍ ബസ്,നാസ,ഐ എസ് ആര്‍ ഒ തുടങ്ങിയവയുടെ പ്രതിനിധികള്‍ അടക്കം വിഐപി കളുടെ നിര തന്നെയുണ്ടായിരുന്നു.

സ്വപ്‌ന സുരേഷ് ഈ തസ്തികയിലെത്തിയത് ശാസ്ത്ര സാങ്കേതിക ബിരുദങ്ങളുടെ മികവു കൊണ്ടല്ല.എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ആറു മാസം ട്രെയിനിയും രണ്ടു വര്‍ഷം ട്രാവല്‍ ഏജന്‍സി ജോലിയും ചെയത ഇവര്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടരിയായെത്തുന്നു.ഭാഷാപരിജ്ഞാനം അനുഗ്രഹമായത്രേ. അവിടെ നിന്ന് ജോലി മതിയാക്കിയ സ്വപ്‌ന ഐടി വകുപ്പിന്റെ സ്വപ്‌ന പദ്ധതിയില്‍ എത്തിയത് എങ്ങിനെയാണെന്ന് തിരിച്ചറിയണം ഇതിന്റേയും കണ്‍സല്‍ട്ടന്റ് മുഖ്യമന്ത്രി സെക്രട്ടരിയേറ്റിലെ ഓഫീസില്‍ സൗകര്യമൊരുക്കി കൊടുത്തു എന്ന് വിവാദമുയര്‍ന്ന െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ് സാണെന്നത് ശ്രദ്ധേയമാണു.ഇവരുടെ സബ് ഏജന്‍സിയായ വിഷന്‍ ടെക് നോളജീസ് വഴിയായിരുന്നത്രേ നിയമനം.കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌റ്റ്രെക്ചര്‍ ലിമിറ്റഡ് നിയമനത്തിനു മുമ്പ് അഭിമുഖവും നടത്തിയാണു ഒരു ലക്ഷത്തോളം രൂപ മാസ വേതനത്തിനു നിയമിച്ചത്. സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡും ഔദ്യോഗിക പരിവേശവും നിയമ സഭ സ്പീക്കര്‍ ശ്രീ രാമകൃഷ്ണന്‍ വരെ ഡിപ്ലോമേറ്റ് എന്നു വിശേഷിപ്പിക്കുന്ന വിഐപി പരിഗണനയും ലഭിച്ചിരുന്നുവത്രേ.. ഇവരെ തേടി െ്രെപവറ്റ് സെക്രട്ടരി എന്നനിലയില്‍ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് നിത്യ സന്ദര്‍ശകനായി ഫ്‌ളാറ്റിലെത്താറുണ്ടായിരുന്നു എന്നാണു അവിടത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

മുഖ്യമന്ത്രിയോടൊപ്പം സ്വപ്‌ന സുരേഷ് അടുത്തിടപഴകുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നിട്ടും അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നു പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇരുട്ടില്‍ തപ്പുകയാണു. സ്വര്‍ണ്ണക്കടത്ത് പോലുള്ള ചെയ്തികള്‍ക്ക് ഇത്തരക്കാര്‍ക്ക് പിന്‍ബലമാകുന്നത്മുഖ്യമന്ത്രിയുടെ ഓഫീസ് വിരിച്ചു കൊടുത്ത പരവാതിനിയിലൂടെ കടന്നു ചെന്ന് ഉന്നതങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് കൊണ്ടാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.സോളാര്‍ കച്ചവടത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ സരിതയുടെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ അത്യുത്സാഹം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമനവും വേതനവുംസര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍പ്പേഡും ഔദ്യോഗിക പരിവേഷവും പ്രൈവറ്റ് സെക്രട്ടറിയുടെ നേരിട്ടുള്ള നിരീക്ഷണവും ഒക്കെ നല്‍കി പരിരക്ഷിച്ച സ്വപ്‌ന സുരേഷ് ഒരു വന്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യ പങ്കാളിയാകുന്ന അവസ്ഥയില്‍ ഇനിയും ഒട്ടക പക്ഷിയെ പോലെ മണലില്‍ തല പൂഴ് ത്തി നില്‍ക്കരുത്.

SHARE