മുസ്‌ലിങ്ങളല്ലാത്ത എല്ലാ കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കും-അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരാണെന്നത് പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണമാണെന്ന സംഘപരിവാര്‍ വാദത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്. പൗരത്വരജിസ്റ്റിര്‍ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയാണ് റാണാ അയ്യൂബ് റീ ട്വിറ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഉറപ്പായും എന്‍.ആര്‍.സി നടപ്പാക്കും. ഹിന്ദു, സിഖ്, ബുദ്ധ സമുദായക്കാരല്ലാത്ത അവസാനത്തെ നുഴഞ്ഞുകയറ്റക്കാരനേയും രാജ്യത്ത് നിന്ന് പുറത്താക്കും-ഇതായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ പൗരത്വനിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രത്തിന് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജനുവരി രണ്ടാം വാരത്തിനകം മറുപടി നല്‍കാനാണ് ഉത്തരവ്. ജനുവരി 22ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

SHARE