‘കാശ്മീരില്‍ സ്ത്രീകള്‍ക്ക് ബലാത്സംഗഭീഷണി, യുവാക്കളെ ഷോക്കടിപ്പിക്കുന്നു’; റാണ അയ്യൂബ്

ന്യൂഡല്‍ഹി: കാശ്മീരില്‍ സ്ഥിതി ഗുരുതരമാണെന്ന് എഴുത്തുകാരി റാണ അയ്യൂബ്. കാശ്്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് അവരുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ സ്ത്രീകള്‍ ബലാത്സംഗഭീഷണി നേരിടുകയാണ്. അര്‍ദ്ധരാത്രിയിലും റെയ്ഡ് നടത്തി കുട്ടികളെ മര്‍ദ്ദിക്കുന്നുവെന്നും റാണ അയ്യൂബ് പറഞ്ഞു. കാശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുള്ള സര്‍ക്കാര്‍ വാദങ്ങളെ തള്ളിയാണ് റാണ അയ്യൂബിന്റെ വെളിപ്പെടുത്തല്‍.

‘കാശ്മീരില്‍ നിന്നും തിരിച്ചെത്തി. പന്ത്രണ്ട് വയസുള്ള കുട്ടികളെ പാതിരാത്രിയില്‍ റെയ്ഡ് നടത്തി പിടിച്ചുകൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമാണ്. സ്ത്രീകള്‍ ബലാത്സംഗഭീഷണി നേരിടുന്നു. കൊച്ചുകുട്ടികള്‍ക്ക് വൈദ്യുത ഷോക്ക് നല്‍കുന്നു, അവര്‍ എവിടെയാണെന്ന് പോലും വീട്ടുകാര്‍ക്ക് അറിയില്ല. നിങ്ങള്‍ പറയുന്ന ‘സാധാരണ അവസ്ഥ’ ഇതാണ്. താഴ്‌വരയില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മോശം സാഹചര്യമാണിത്.’-റാണ അയ്യൂബ് മാധ്യമങ്ങളില്‍ കുറിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളെ കാശ്മീരികള്‍ വെറുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാശ്മീരിലെ ഗ്രാമീണരെ സൈന്യം വടികളും കേബിളുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമായ ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമീണരെ മര്‍ദ്ദിക്കുകയും അവശരായി ബോധം കെടുമ്പോള്‍ ഉണര്‍ത്തുന്നതിനു വേണ്ടി വൈദ്യുത ഷോക്ക് അടിപ്പിക്കുകയും ചെയ്തുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

SHARE