ടി.സി മുഹമ്മദ്
കോഴിക്കോട്ടെ ചന്ദ്രിക പത്രമോഫീസും അവിടുത്തെ പഴയകാലനോമ്പുതുറയും സുന്ദമായ ഗൃഹാതുരതയാണ്. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷം പതിനെട്ടായി. എല്ലാ കൊല്ലവും നടത്തിവരാറുള്ള സാമൂഹിക നോമ്പുതുറ. കോഴിക്കോട്സ്വദേശികളായ പത്രാധിപന്മാര്‍ ആതിഥേയരും ഞങ്ങള്‍ മറ്റുപ്രദേശങ്ങളിലുള്ളവര്‍ അതിഥികളുമാകുന്ന അപൂര്‍വ നോമ്പുതുറയാണ്. അതിഥികളായ കോഴിക്കോട്ടുകാരാണ് ശരിക്കും അന്‍സാറുകളും ഞങ്ങള്‍ മുഹാജിറുകളുമായി മാറുന്ന ദിവസമാണ് അന്ന്. മറ്റുദിവസങ്ങളിലെ നോമ്പുതുറയും അത്താഴവും കഷ്ടമായിരുന്നു. തൊട്ടടുത്ത ‘ചന്ദ്ര’ ഹോട്ടലില്‍ പോയി ഉണക്കച്ചപ്പാത്തിയോ ഉണക്കപ്പുട്ടോ തിന്ന് ചായവെള്ളവും കുടിച്ച് നോമ്പുതുറക്കും. ചിലപ്പോള്‍ നോമ്പുതുറക്കാന്‍ തരിക്കഞ്ഞികൂടി വേണമെന്ന് കലശലായ മോഹമുണ്ടാവും. അപ്പോള്‍ രാജുലു റോഡ് വഴി റോബിന്‍സണ്‍റോഡ് വരെ നടന്നുപോയി നോമ്പുതുറ ‘ആഢംബര’മാക്കും.
ഡ്യൂട്ടിയിലുളളവരെല്ലാം ഒരുമിച്ചാണ് നടന്നുപോകുക. ആര്‍ക്കും വാഹനങ്ങളില്ല. ധൃതിയില്‍ മഗ്രിബ് നിസ്‌കാരവും കഴിച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കും. മുഹിയുദ്ദീന്‍പള്ളിക്കടുത്തുള്ള പാരിസ് ഹോട്ടലിലാണ് അത്താഴത്തിന് സാധാരണപോകാറ്. രാത്രി മൂന്നു മണിവരെ ഡ്യൂട്ടി പൂര്‍ത്തിയാക്കി എല്ലാവരുമങ്ങ് നടക്കും. പാരിസ് ഹോട്ടലില്‍ രണ്ടുമണിക്ക് അത്താഴംകഴിയും. പാക്കിംഗ് സെക്ഷനിലെ പരീതിന്റെ സ്വാധീനത്തില്‍ ഞങ്ങള്‍ക്ക് മൂന്നരമണിവരെ അത്താഴം എടുത്തുവെക്കുമായിരുന്നു. ജമാഅത്തായ നമസ്‌കാരമോ തറാവീഹ് നമസ്‌കാരമോ നോമ്പിന്റെ മറ്റു കുറുമത്തുകളോ ഞങ്ങള്‍ക്കില്ല. രാത്രിഡ്യൂട്ടി പലരും ചോദിച്ചുവാങ്ങുമായിരുന്നു. രാത്രി പതിനൊന്നു മണിക്ക് തുടങ്ങി പുലര്‍ച്ചെ മൂന്നുമണിവരെയാണ് ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് നേരെ അത്താഴത്തിന് പോകാന്‍സൗകര്യമാണല്ലോ.
ഇത്തരം പ്രയാസങ്ങള്‍കൂടി ഉള്ളതുകൊണ്ടാകാം ഞങ്ങള്‍ക്ക് കോഴിക്കോട്ടുകാരുടെ സല്‍ക്കാരം കൂടുതല്‍ രുചികരവും ഹൃദ്യവുമായി തോന്നിയിട്ടുണ്ടാകുക. പലഹാരങ്ങള്‍, പലവിധം ബിരിയാണികള്‍, പലതരം പഴവര്‍ഗങ്ങള്‍ എന്നിവകൊണ്ടുള്ള വിഭവങ്ങള്‍ സമൃദ്ധമായിരുന്നു. തലശ്ശേരി ഭക്ഷ്യവിഭവങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ചും സ്വാദിനെക്കുറിച്ചും ഏറെ എഴുതിയിട്ടുള്ള കെ.പി കുഞ്ഞിമ്മൂസ അടക്കമുള്ളവര്‍ അതിഥികളുടെ കൂട്ടത്തിലാണ്. ബൈത്തുല്‍മാലില്‍ വിഭവങ്ങള്‍ കുന്നുകൂടുന്നതുപോലെയാണ് കോഴിക്കോട്ടുകാര്‍ വിഭവങ്ങള്‍ വരിവരിയായി കൊണ്ടുവന്നിരുന്നത്. അളവറ്റ ഭക്ഷണസാധനങ്ങള്‍ നിരനിരയായി കൊണ്ടുവന്നിരുന്നപ്പോള്‍ പി.കെ മുഹമ്മദ് എന്ന മാനുസാഹിബിന്റെ കമന്റ് ഇങ്ങനെ: ഇതാണ് പറഞ്ഞത് ആപത്തുകള്‍ വരുമ്പോള്‍ കൂട്ടത്തോടെ എന്ന്!
ഒരു നോമ്പുതുറക്കിടെ മുസ്ലിംലീഗുകാരായ രണ്ടു മൂന്നു പേര്‍ യാദൃച്ഛികമായി എത്തി. കുന്നുകൂടിയ ഭക്ഷണസാധനങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു. എഡിറ്റര്‍ വി.സി അബൂബക്കര്‍ അവരെയും ഭക്ഷണത്തിന് ക്ഷണിച്ചു, കഴിപ്പിച്ചു. എന്നിട്ടും മുഖത്തൊരുവല്ലായ്മ. ചന്ദ്രികയില്‍ ബോണസിനുവേണ്ടി സമരംനടക്കുന്ന കാലമായിരുന്നു അത്. മാനേജ്മെന്റാണെങ്കില്‍ വന്‍സാമ്പത്തികഞെരുക്കത്തിലും.
മടിച്ചു മടിച്ച് അവര്‍ ഞങ്ങളോട് ചോദിച്ചു: നിങ്ങളിങ്ങനെ തിന്നുമുടിച്ചാല്‍ ചന്ദ്രിക എങ്ങനെയാണ് നഷ്ടത്തിലോടാതിരിക്കുക? കമ്പനിച്ചെലവിലൊരുക്കിയതാണ് നോമ്പുതുറയെന്നും ഇങ്ങനെ എല്ലാദിവസവും വന്‍നോമ്പുതുറയുണ്ടായിരിക്കുമെന്നുമാണ് അവര്‍ ധരിച്ചിരുന്നത്.
നോമ്പുതുറക്കിടയിലുമുണ്ടാകും തമാശകള്‍. ദീനുമായി വലിയബന്ധമില്ലാത്ത ഒരാളെ കേരളത്തിന്റെ ഏതോ ഒരു ഭാഗത്തുനിന്ന് സ്ഥലംമാറ്റി (അതൊരു ശിക്ഷാനടപടിയായിരുന്നു) ഞങ്ങളുടെ കൂട്ടത്തിലെത്തിച്ചേര്‍ന്നു. നോമ്പുതുറയുടെ ക്ഷണിതാവായ സി.കുഞ്ഞുട്ടി (സി.കെ താനൂര്‍) അയാളോടുപറഞ്ഞു, നാളെ ഇവിടെ നോമ്പുതുറയാണ്, എത്തണം. ഉടന്‍സന്തോഷപൂര്‍വം മറുപടി: എപ്പോഴാണ് നോമ്പുതുറയെന്ന് പറഞ്ഞേര് സാറേ, ഉച്ചക്കോ രാത്രിയോ അതോ രാവിലെയോ. സമയംപറഞ്ഞാല്‍ കൃത്യമായി എത്തിച്ചേരാം. അവിടെ കൂട്ടച്ചിരി മുഴങ്ങിയതും ഒപ്പമായിരുന്നു.