അത്താഴത്തിന് ബണും ജാമും

വ്യത്യസ്തമായ നോമ്പനുഭവങ്ങളാണ് ഓര്‍മ്മയിലേക്ക് വരുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ വിവിധ സ്ഥലങ്ങളിലെ നോമ്പ് ഓര്‍മ്മയില്‍ നിന്നും മായാത്തതാണ്. ബാപ്പയുടെയും ഉമ്മയുടെയും സൂക്ഷ്മ നിരീക്ഷണത്തിലും ശിക്ഷണത്തിലും വളര്‍ന്നതിനാല്‍ നോമ്പും നമസ്‌കാരവും ഒഴിവാക്കാതെ ചെറുപ്പം മുതല്‍തന്നെ പരിശീലിച്ചിരുന്നു. പ്രീ യൂണിവേഴ്സിറ്റിക്ക് കാസര്‍കോട് വിദ്യാനഗറില്‍ വാടക വീട്ടില്‍ താമസിക്കുമ്പോള്‍ അത്താഴത്തിന് ഒരു വഴിയും ഉണ്ടായിരുന്നില്ല. ഒടുവില്‍ റോഡിന് മറുവശത്തുള്ള ഓലമേഞ്ഞ ചെറിയ വീട്ടില്‍പോയി കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ വരാന്‍ പറഞ്ഞു. അങ്ങനെ നിലത്ത് പലകയിലിരുന്ന് അവര്‍ വിളമ്പിത്തന്നതിന്റെ രുചി ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഏതാണ്ട് ഒരു തുക കണക്കാക്കി അവര്‍ക്ക് പണവും നല്‍കിയിരുന്നു.

മംഗലാപുരം ഗവ.കോളജ് ഹോസ്റ്റലില്‍ ഞാനും പി.എം.സൈദും (മുന്‍ കേന്ദ്രമന്ത്രി) മാത്രമായിരുന്നു നോമ്പുകാര്‍. ഹോസ്റ്റലില്‍ മാസം കഴിഞ്ഞ് പൈസ അടച്ചാല്‍ മതി. തലശേരിക്കാരുടെ ഗാര്‍ഡന്‍ ഹോട്ടല്‍ ഏകദേശം അടുത്തായുണ്ട്. അവിടെ പോയി റമസാന്‍ കഴിഞ്ഞ് തുക ഒന്നിച്ച് തരാമെന്ന് പറയാന്‍ ഞങ്ങള്‍ പുറപ്പെട്ടു. മുമ്പ് കുറേ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ച് മുങ്ങിയ കഥ അറിയാവുന്നതിനാല്‍ ഒരാശങ്കയുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങള്‍ മനസില്ലാ മനസോടെ കൗണ്ടറില്‍ ചെന്ന് ഉടമയോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ കഴിച്ചുകൊള്ളാന്‍ പറഞ്ഞു.

ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് പഠനത്തിന് മദ്രാസില്‍പോയപ്പോഴും അത്താഴം ഒരു പ്രശ്നമായിരുന്നു. മൗണ്ട് റോഡിലുള്ള ഹോസ്റ്റലിനടുത്തായിരുന്നു ടേനാമ്പേട്ടിലുള്ള എം.കെ.ഹാജി സാഹിബിന്റെ ഏഷ്യന്‍ റസ്റ്റോറന്റ്. അദ്ദേഹത്തിന്റെ മരുമകന്‍ കുഞ്ഞി മുഹമ്മദുമായിട്ട് സൗഹൃദമുണ്ട്. പന്ത്രണ്ട് മണിക്ക് കട അടക്കും. അതിന് മുമ്പേ വന്ന് ബണും ജാമും ചായയും കഴിച്ചായിരുന്നു അത്താഴവും നോമ്പും.

പള്ളിക്കര എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യം ഉച്ചവരെയും പിന്നീട് വളരെ പണിപ്പെട്ട് അസറ് വരെയും എത്തിച്ചായിരുന്നു എന്റെ നോമ്പിന്റെ തുടക്കം. അമ്പതുകളില്‍ പൊതുവേ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. നോമ്പ് തുറക്കാന്‍ പള്ളികളില്‍ വെള്ളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. നമസ്‌കാരം കഴിഞ്ഞ് വീട്ടില്‍ ചെന്നിട്ടു വേണം നോമ്പിന്റെ പലഹാരം കഴിക്കാന്‍. അമ്പത് വര്‍ഷം മുമ്പ് ഗള്‍ഫില്‍ എത്തിയ കാലം മുതല്‍ ഈ രാജ്യങ്ങളില്‍ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷമായി. മുസ്്ലിം റസ്റ്റോറന്റുകള്‍ പകല്‍ തുറക്കാന്‍ അനുവാദമില്ലായിരുന്നു. അക്കാലത്ത് പള്ളികളിലും പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ഇപ്പോള്‍ അത് അഞ്ഞൂറാളുകള്‍ വരെയുള്ള വിഭവസമൃദ്ധമായ നോമ്പ് തുറയായി മാറിയിട്ടുണ്ട്.

ലോകത്തെല്ലായിടത്തും പോലെ വിഷമവും വിഷാദവും ജനിപ്പിക്കുന്ന ഈ കൊല്ലത്തെ റമസാന്‍ മാസം വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി കഴിച്ചുകൂട്ടേണ്ടി വന്നിരിക്കുകയാണ്. ദു:ഖത്തോടും മനസ്സലിഞ്ഞ പ്രാര്‍ത്ഥനയോടും കൂടി മഹാമാരി അകന്ന് ഒരു പുതുപുലരി വരാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുകയാണ്.
വര്‍ഷങ്ങളായി മക്കത്തും മദീനത്തുമായി ചെലവഴിച്ചിരുന്ന റമസാന്റെ അവസാനത്തെ പത്തും വിങ്ങുന്ന ഓര്‍മ്മയാണ്. ജനലക്ഷങ്ങള്‍ ഒന്നിച്ചുള്ള നോമ്പ് തുറയും നമസ്‌കാരവും അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്.

SHARE