ബര്‍മ്മയില്‍ നിന്ന് കാല്‍നടയായി എത്തിയ ബാപ്പ

പി.കെ അഹമദ്

നോമ്പും ചെറിയ പെരുന്നാളും ഓരോ വര്‍ഷവും കടന്നു വരുമ്പോള്‍ എന്റെ ഓര്‍മകളും ചിന്തകളും കറങ്ങിതിരിഞ്ഞ് ബാപ്പയില്‍ എത്തിച്ചേരും. നോമ്പിന്റെ നിഷ്ഠകള്‍, പ്രാര്‍ത്ഥനയുടെ വിശുദ്ധി, ദാനധര്‍മ്മങ്ങളുടെ പ്രസക്തി ഇതെല്ലാം എന്നെ പഠിപ്പിച്ചത് ബാപ്പ പി.കെ മൊയ്തുഹാജിയാണ്. അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ആകെത്തുകയായിരുന്നു ബാപ്പയുടെ ജീവിതം. ബര്‍മ്മയില്‍ കച്ചവടമായിരുന്നു ബാപ്പക്ക്. ഇന്ന് ഗള്‍ഫ് പോലെ അന്ന് ബര്‍മ്മയായിരുന്നു തൊഴിലന്വേഷകരുടെ പറുദിസ. എങ്ങനെയെങ്കിലും ബര്‍മ്മയില്‍ എത്തിയാല്‍ എന്തെങ്കിലും കച്ചവടം ചെയ്ത് ജീവിച്ചു പോകാം എന്നതായിരുന്നു ആകര്‍ഷണം. അല്‍പം സാഹസികതയും ജീവിതത്തെ മുറുകെപിടിക്കാന്‍ മറ്റു വഴിയില്ല എന്ന നിവൃത്തികേടും കാരണം നിരവധി പേര്‍ അക്കാലത്ത് ബര്‍മ്മയില്‍ പോയിട്ടുണ്ട്. സാഹസികനല്ലെങ്കിലും ബാപ്പ കുടുംബം പുലര്‍ത്താന്‍ ബര്‍മ്മയില്‍ അഭയം തേടുകയായിരുന്നു. അവിടെ അരിക്കച്ചവടമായിരുന്നു.

എന്നാല്‍ കൂടുതല്‍ കാലം അവിടെ തുടരാനായില്ല. രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ ബാപ്പക്ക് തിരിച്ചുപോരേണ്ടിവന്നു. 1945ലായിരുന്നു മടക്കയാത്ര. കാല്‍നടയായിട്ടാണ് ബര്‍മ്മയില്‍ നിന്ന് തിരിച്ചുപോന്നത് എന്ന് ബാപ്പ പറയുന്നത് കേട്ടിട്ടുണ്ട്. ബാപ്പ മാത്രമല്ല, കച്ചവടവും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ച് ജീവന്‍ പണയപ്പെടുത്തിയുള്ള ആ യാത്രയില്‍ നിരവധി പേര്‍ ഉണ്ടായിരിക്കണം. നിരവധി ക്ലേശങ്ങളും പരാധീനതകളും മാറാപ്പ് പോലെ ജീവിതത്തില്‍ ചേര്‍ന്നിരുന്ന ഒരു കാലമായിരുന്നു അത്. എന്നിട്ടും ബാപ്പ തളര്‍ന്നില്ല. നാട്ടിലെത്തി കച്ചവടം തുടങ്ങി. കോഴിക്കോട് ഇന്നത്തെ ബോംബെ ഹോട്ടലിന് സമീപമായിരുന്നു വീടെടുത്ത് താമസിച്ചത്. വലിയങ്ങാടിയില്‍ അരിക്കച്ചവടവും തുടങ്ങി. കുടുംബം പുലര്‍ത്താനുള്ള തത്രപ്പാടായിരുന്നു പിന്നെയെല്ലാം. കച്ചവടം ഒന്നു പച്ച പിടിച്ചപ്പോള്‍ താമസം മൂടാടിയിലേക്ക് മാറി. അവിടെ വീടുവെച്ചു. പൂക്കനാരി എന്ന വീട് അങ്ങനെ പ്രസിദ്ധമായി.

എനിക്ക് രണ്ട് അനുജന്മാരാണ്. ഹാഷിമും ബഷീറും. ഹാഷിം എന്റെ കൂടെ ബിസിനസ്സില്‍ ഉണ്ട്. നാല് സഹോദരിമാര്‍ സുബൈദ, സുഹറ, ജമീല, ഖദീജ. ഉമ്മയെയും ഞാന്‍ അടക്കമുള്ള മക്കളെയും വലിയ കഷ്ടപ്പാടൊന്നും കൂടാതെ സംരക്ഷിക്കാന്‍ ബാപ്പ ഏറെ അധ്വാനിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് മാതൃകയും പിതാവാണ്. കഠിനാധ്വാനം, കൃത്യനിഷ്ഠ, ദൈവഭയം ഇതെല്ലാം എനിക്ക് പകര്‍ന്നു തന്നത് പിതാവാണ്. നോമ്പിനെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. റമസാന്‍ വ്രതം എടുക്കുന്ന കാര്യത്തിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലും പിതാവ് കണിശക്കാരനായിരുന്നു. നോമ്പെടുക്കാതെ നടക്കാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. മൂടാടി പള്ളിയിലാണ് പ്രാര്‍ത്ഥനക്ക് പോവുക. നോമ്പു തുറന്നതിനുശേഷം ബാപ്പയോടും സഹോദരങ്ങള്‍ക്കും ഒപ്പം പള്ളിയില്‍ പോകുന്നത് നല്ല ഒരു അനുഭവമായിരുന്നു. അന്ന് സക്കാത്ത് കൊടുക്കല്‍ ദാനധര്‍മ്മത്തിന്റെ ഏറ്റവും വലിയ സന്ദേശമായിരുന്നു. നാനാജാതി മതസ്ഥര്‍ വീട്ടില്‍ എത്തുമായിരുന്നു. അത് ഒരിക്കലും മുടക്കരുതെന്ന് ബാപ്പക്ക് നിര്‍ബന്ധമായിരുന്നു. മൂടാടി പള്ളിയിലെ മുതവല്ലി കൂടിയായിരുന്നു ബാപ്പ. പാവപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കാനായിരുന്നു ബാപ്പ എപ്പോഴും പറഞ്ഞിരുന്നത്.

വീട്ടില്‍ നോമ്പു തുറക്ക് നിരവധി പേര്‍ എത്തിച്ചേരും. അരിപ്പത്തിരിയായിരിക്കും പ്രധാന വിഭവം. ഇറച്ചിയും മറ്റും ഉണ്ടാകുമെങ്കിലും പച്ചക്കറി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളായിരുന്നു ബാപ്പക്ക് പ്രിയം. പരിപ്പ് കൂട്ടാന്‍, മുളക്ചാര്‍, കക്കിരി എന്നിവ പ്രത്യേകമായി ഉണ്ടാവും. നോമ്പ് തുറക്കാന്‍ പലരെയും വീട്ടിലേക്ക് ക്ഷണിക്കും. ധനികരെയല്ല, പാവപ്പെട്ടവരെയാണ് നിര്‍ബന്ധമായും ക്ഷണിച്ചുകൊണ്ടുവരിക. അവരോടൊത്ത് ഭക്ഷണം കഴിക്കുന്നതില്‍ ബാപ്പ പ്രത്യേക സുഖം കണ്ടെത്തിയിരുന്നു. 1971ല്‍ ബാപ്പ മരിക്കുന്നതുവരെ ആ ചിട്ട തുടര്‍ന്നു. ബാപ്പയുടെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടരാന്‍ ശ്രദ്ധിക്കാറുണ്ട്.

റമസാനും ചെറിയ പെരുന്നാളും ദൈവചിന്തയുടെ പ്രതീകങ്ങളായി ജീവിതത്തില്‍ സുഗന്ധം പരത്തി നില്‍ക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും. സഹജീവികളെ സഹായിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇത്തവണ പെരുന്നാള്‍ നല്‍കുന്ന സന്ദേശം. കര്‍ത്തവ്യബോധത്തിലേക്ക് ആ ദിനം നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്.

SHARE