റമസാന്‍ ആഗതമായത് വേദനാജനകമായ സാഹചര്യത്തില്‍; സല്‍മാന്‍ രാജാവ്


ജിദ്ദ: പള്ളികളില്‍ പോയി സംഘമായി നമസ്‌കരിക്കാനും തറാവീഹും ഖിയാമുല്ലൈലും നിര്‍വഹിക്കാനും കഴിയാത്ത സാഹചര്യം ഈ റമസാനില്‍ നിലനില്‍ക്കുന്നത് അതിയായ ദുഃഖമുണ്ടാക്കുന്നുവെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. റമസാന് സ്വഗതമോതി രാജ്യത്തെ ജനങ്ങള്‍ക്കും ലോക മുസ് ലിംകള്‍ക്കും നല്‍കിയ സന്ദേശത്തിലാണ് സല്‍മാന്‍ രാജാവ് ഹൃദയ നൊമ്പരം പങ്കുവെച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതി??െന്റ ഭാഗമായാണ് പള്ളികളില്‍ സംഘമായുള്ള നമസ്‌കാരങ്ങള്‍ക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ മത നിര്‍ദേശങ്ങളാണ് നാം പാലിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ആരോഗ്യ സംരക്ഷണം മതത്തിന്റെ മഹത്തായ ധര്‍മങ്ങളില്‍പ്പെട്ടതാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

അനുഗ്രഹീത മാസമാണ് സമാഗതമായിരിക്കുന്നത്. കാരുണ്യത്തിന്റെയും പാപമോചനത്തന്റെയും നന്മകള്‍ ഇരട്ടിപ്പിക്കുന്ന മാസമെത്തിയതിനോട് അനുബന്ധിച്ച് ജനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അര്‍പ്പിക്കുകയാണ്. റമസാനില്‍ ഒരുപാട് നല്ല പാഠങ്ങളുണ്ട്. അത് നന്മകളില്‍ മുന്നേറാന്‍ പ്രോത്സാഹിക്കുന്നു.

അതോടൊപ്പം കോവിഡിനെ തുടര്‍ന്ന് വലിയൊരു പ്രയാസത്തില്‍ മനുഷ്യര്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്‍ഷം റമസാന്‍ സമാഗതമായിരിക്കുന്നത്. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മാനുഷിക സംഘടനകളും ലോക രാജ്യങ്ങളും പല നടപടികളും സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ലോക ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലുടെയാണ് നാം കടന്നുപോയി കൊണ്ടിരിക്കുന്നത്.

വലിയ അന്തസ്സും ഉന്നത പദവിയും നല്‍കി അല്ലാഹു നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. ഇരു ഹറമുകളെയും അവിടെയെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെയും സ്വീകരിക്കാനും വേണ്ട സേവനങ്ങള്‍ നല്‍കാനും അവസരം നല്‍കി. അതോടൊപ്പം കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലും നമുക്ക് അഭിമാനിക്കാം.
രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുകയുണ്ടായി. സാമ്പത്തിക നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വേണ്ട സഹായങ്ങള്‍ നല്‍കി.

കോവിഡ് എന്ന മഹാമാരിയെ തുടച്ചുനീക്കാനും മനുഷ്യന്റെ നന്മക്കും ആരോഗ്യത്തിനും വേണ്ടി രാപ്പകല്‍ കഠിനയത്‌നം നടത്തി കൊണ്ടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പ് ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നന്ദിപറയുകയും പ്രാര്‍ഥിക്കുകയുമാണെന്നും രാജാവ് പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. ഒരോരുത്തര്‍ക്കും അത് അഭിമാനത്തിന്റെ കിരീടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE