“നിങ്ങളുടെ ദൗത്യം രാഘവേട്ടനെ ജയിപ്പിക്കുക, ആലത്തൂരേക്കു വന്നുപോകരുത്”; ആവേശമായി രമ്യയുടെ വാക്കുകള്‍

ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമ്പോള്‍ കുറ്റിക്കാട്ടൂരുകാരിയായ രമ്യ ഹരിദാസ് കോഴിക്കോട് സ്ഥാനാര്‍ഥി എംകെ രാഘവന് വേണ്ടിയുള്ള തിരക്കിട്ട പ്രചരണ പരിപാടികളിലായിരുന്നു. അതുകൊണ്ട് തന്നെ ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയായതോടെ രമ്യ ഹരിദാസ് വലിയൊരു ധര്‍മ്മസങ്കടത്തിലാണ്. കോഴിക്കോട് സ്ഥാനാര്‍ഥിയായ രാഘവന് വേണ്ടി ഇനി ഒഴിഞ്ഞിറങ്ങാന്‍ കഴിയില്ല. എന്നാല്‍ ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍ ഇപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് ആവേശമായിരിക്കുകയാണ്.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രമ്യ പറഞ്ഞ വാക്കുകളാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമായിരിക്കുന്നത്. നിങ്ങളുടെ ദൗത്യം രാഘവേട്ടനെ ജയിപ്പിക്കുക എന്നതാണ് അതുകൊണ്ട് തന്നെ ഇവിടെനിന്നും ആരും ആലത്തൂരേക്കു വന്നുപോകരുത്, രമ്യ ഹരിദാസ് ഇത് പറയുമ്പോള്‍ നിലയ്ക്കാത്ത കൈയടിയായിരുന്നു മറുപടി.
ആലത്തൂരില്‍ നിന്ന് എം.പിയാകാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന മാത്രംമതി, കുന്ദമംഗലത്തുകാര്‍ക്ക് ആവേശമായി രമ്യ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യയുടെ വാക്കുകള്‍ വികാര നിര്‍ഭരമായിരുന്നു.

‘നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കൂടുംബയോഗത്തില്‍ സംസാരിച്ചും പ്രവര്‍ത്തിച്ചുമാണ് ഞാന്‍ ഇതുവരെ നിന്നത്. ആ അനുഭവങ്ങളാണ് എന്റെ കരുത്ത്. അതുമായാണ് ഞാന്‍ ആലത്തൂരിലേക്ക് പോകുന്നത്.’ രമ്യ ഹരിദാസ് പറഞ്ഞു.
‘എന്നെ കാണാനായി ആരും ആലത്തൂരിലേക്ക് വരേണ്ട. ഒരു ഫോണ്‍ കോള്‍ മതി, വിളിപ്പാടകലെ ഞാന്‍ ഉണ്ടാകും’- കണ്‍വന്‍ഷനില്‍ രമ്യ ഉറപ്പുകൊടുത്തു.