
കുന്ദമംഗലം: ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. പുവ്വാട്ട് പറമ്പ് ഡിവിഷനില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡണ്ട് പദവി പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം 29കാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ഉജ്ജല വിജയം കൈവരിച്ചപ്പോള്‍ യു ഡി എഫ് നേതൃത്വത്തിന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. 3 വര്‍ഷം പ്രസിഡണ്ട് പദവിയിലിരുന്നപ്പോള്‍ മെഡിക്കല്‍ കോളജിന്റെ സബ് സെന്റായ ചെറുപ്പ ആശുപത്രിയില്‍ വികസന കുതിപ്പാണ് നടത്തിയത്. വനിതകള്‍ക്കായി ചെറുകിട വ്യവസായ വിപണന കേന്ദത്തിന്റെ നിര്‍മ്മാണം, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണം, അംഗനവാടികളുടെ നിര്‍മ്മാണം -നവീകരണം തുടങ്ങി വികസന രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.അപ്രതീക്ഷിതമായാണ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ- ഓഡിനേറ്റര്‍ കൂടിയായ രമ്യയെ ആലത്തൂരില്‍ യു ഡി എഫ് മത്സരിപ്പിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പ്രസിഡണ്ട് പദവി രാജി വെച്ച രമ്യ ഒന്നര ലക്ഷത്തില്‍ പരം ഭൂരിപക്ഷം വോട്ടിന് ആലത്തൂരില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ഖമറുന്നിസ മുമ്പാകെ രാജി സമര്‍പ്പിച്ചത്. ഇതിനിടയില്‍ ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കും വികസന കാര്യ സ്ഥിരം സമിതിയിലേക്കും നടന്ന അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സംബന്ധിച്ചു. മൂന്നു വര്‍ഷത്തോളം ഭരണ സമിതിയെ നല്ല നിലയില്‍ നയിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് രമ്യ രാജിവെച്ചത്.