തൊഗാഡിയക്കു പിറകെ തന്നെ ആര്‍.എസ്.എസ് കൊല്ലുമെന്ന് പറഞ്ഞ് രാംസേന നേതാവ് പ്രമോദ് മുത്തലിക്

ബാംഗളൂരു: തൊഗാഡിയക്കു പിറകെ തന്നെആര്‍.എസ്.എസ് കൊല്ലുമെന്ന് പറഞ്ഞ് രാം സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്. ആര്‍.എസ്.എസിനുവേണ്ടി ജീവിതം നശിപ്പിച്ചുവെന്നും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ന്യൂസ്18ന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസിനെതിരെ ആരോപണവുമായി പ്രമോദെത്തിയത്.

കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും, ബുദ്ധിജീവികളും തന്റെ ശത്രുക്കളാണ്. അവരെനിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതും. പക്ഷേ, തന്നെ കൊല്ലുമോ എന്ന് പേടിക്കുന്നത് താന്‍ കൂടെയുള്ളവരെക്കുറിച്ചാണ്. പിറകില്‍ നിന്ന് കുത്താന്‍ മിടുക്കരാണവര്‍. പ്രവീണ്‍ തൊഗാഡിയക്ക് സംഭവിച്ചതുപോലെ തനിക്കും സംഭവിക്കാമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.

ഉത്തര കര്‍ണാടകയില്‍ താന്‍ നില്‍ക്കുന്നത് അവിടത്തെ ആര്‍.എസ്.എസ് നേതാവ് മഗ്‌നേഷ് ഭണ്ഡേ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ദര്‍വാദ് എംപി പ്രഹ്ലാദ് ജോഷി എന്നിവര്‍ക്ക് ഇഷ്ടമല്ല. തന്നെ അവിടെ നിന്നും ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളവരാണെന്നും മുത്തലിക്ക് പറയുന്നു. ഹിന്ദുഐക്യത്തിനു വേണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. പരസ്പരം ഐക്യമില്ലാത്തവര്‍ എങ്ങനെയാണ് ഹിന്ദുഐക്യമുണ്ടാക്കുന്നത്? 40 വര്‍ഷം ആര്‍.എസ്.എസ്സിനു വേണ്ടി പ്രവര്‍ത്തിച്ച് ഞാനെന്റെ ജീവിതം പാഴാക്കി. എന്നെപ്പോലുള്ള ആയിരങ്ങള്‍ അവരുടെ കൂടെയുണ്ടായിരിക്കാം, പക്ഷേ അവര്‍ക്കൊന്നും ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. തന്റെ വഴി ശരിയായ ഹിന്ദുത്വത്തിലൂന്നിയതാണെന്നും മുത്തലിക് കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റേയും ബജ്‌റംഗ്ദളിന്റേയും നേതാവായിരുന്ന മുത്തലിക് ആര്‍.എസ്.എസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ശിവസേനയിലെത്തുകയായിരുന്നു. പിന്നീട് ശ്രീരാമസേനയിലേക്കെത്തി നേതാവായി മാറുകയായിരുന്നു.