‘ചരിത്രത്തിലെ മികച്ച താരം’; എല്‍ ക്ലാസിക്കോക്ക് മുന്‍പ് മെസിയെ പ്രശംസിച്ച് റാമോസ്

എല്‍ ക്ലാസിക്കോക്ക് മുന്‍പ് ബാഴ്‌സ സൂപ്പര്‍ താരം മെസിയെ പുകഴ്ത്തി റയല്‍ മാഡ്രിഡ് പ്രതിരോധ നിര താരം സെര്‍ജിയോ റാമോസ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് മെസിയെന്നും വലിയ ബഹുമാനമാണ് മെസിയോടുള്ളതെന്നും റാമോസ് പറഞ്ഞു.

ലാ ലീഗ കിരീട പോരില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സയും റയലും തമ്മില്‍ രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസമാണുള്ളത്. കിരീട പോര് ഇഞ്ചോടിഞ്ച് എത്തുമ്പോഴുള്ള എല്‍ ക്ലാസിക്കോ ആവേശം ഇരട്ടിപ്പിക്കുന്നു.

ഞായറാഴ്ച മെസിയുടെ ദിവസമാവില്ല എന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഞങ്ങളുടെ ജോലി ഞങ്ങള്‍ നിറവേറ്റി എന്ന് പറയാം. മെസിക്ക് എല്ലാ ആശംസയും ഞാന്‍ നേരുന്നു, പക്ഷേ അത് ഞങ്ങളെ നെഗറ്റീവായി ബാധിക്കാത്ത കാര്യങ്ങളില്‍ മാത്രമാണ്. എന്ത് തന്നെ ആയാലും, വലിയ ബഹുമാനമാണ് എന്റെ മനസില്‍ മെസിക്കുള്ളത്, റാമോസ് പറഞ്ഞു. ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്‍ ക്ലാസിക്കോ കളിച്ച താരമെന്ന നേട്ടവും റാമോസിനെ തേടിയെത്തും. സാവി, സാഞ്ചിസ്, ഗെന്റോ എന്നിവരുടെ 42 എല്‍ ക്ലാസിക്കോ എന്ന നേട്ടമാണ് റാമോസ് മറികടക്കുന്നത്.

ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയില്‍ ടി.വി സംപ്രേഷണം ഇല്ലാത്തിനാല്‍ ലാ ലിഗയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ മത്സരം കാണാം.

SHARE