രാം നവമി: ബംഗാളില്‍ ആയുധങ്ങളേന്തി ബജ്‌റംഗ്ദള്‍ റാലി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിയില്‍ കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്തത് വാളുകളടക്കമുള്ള ആയുധങ്ങളേന്തി. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിരോധിച്ചിരുന്നു. ഇത് ലംഘിച്ചാണ് റാലി നടത്തിയത്.


പുരുലിയക്കു പുറമെ ബീര്‍ബൂം, പശ്ചിമ മിഡ്‌നാപൂര്‍, ഹൗറ, കൊല്‍ക്കത്തയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ആയുധങ്ങളേന്തി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ റാലി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പശ്ചിമ മിഡ്‌നാപൂരില്‍ വാളുമേന്തിയാണ് റാലിയില്‍ പങ്കെടുത്തത്. ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും വാളേന്തിയാണ് റാലിയില്‍ പങ്കെടുത്തത്. വനിതാ വിഭാഗം അധ്യക്ഷ ലോക്കറ്റ് ചാറ്റര്‍ജി ത്രിശൂലമേന്തിയും റാലിയില്‍ പങ്കെടുത്തിട്ടുണ്ട്.