പ്രതിഷേധക്കാരെ നേരിടുന്നതില്‍ പിണറായിക്ക് അമിത് ഷായുടെ അതേ രീതിയെന്ന് രമേശ് ചെന്നിത്തല


കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ നേരിടുന്നതില്‍ അമിത്ഷായുടെ അതേ രീതിയാണ് പിണറായി വിജയന്റെ പൊലീസ് പിന്തുടരുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഠിനമായ വകുപ്പുകളാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ത്തിയവരെ പൊലീസ് നേരിട്ട രീതി ശരിയല്ല. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ചരിത്രകാരന്മാര്‍ തീവ്രവാദികളല്ലെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിയെ നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന് പറയുന്നത് ബാലിശമാണ്. ഗവര്‍ണര്‍ പദവിയുടെ മഹത്വവും ഔന്നത്യവും അദ്ദേഹം മനസിലാക്കണം. അതാത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മഹത്വം മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പാര്‍ലമെന്റ് പാസാക്കി എന്ന് കരുതി അത് നടപ്പിലാക്കണം എന്നില്ല. ഓരോ സംസ്ഥാനത്തിനും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഗവര്‍ണര്‍ ഓരോ ദിവസവും ഓരോ പ്രസ്താവനകള്‍ ഇറക്കിയിട്ട് കാര്യമില്ല. പൗരത്വ ഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ബില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ നോട്ടീസ് നല്‍കും. പൗരത്വ ബില്‍ വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.