മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടതായ തെളിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയില്‍ കുറഞ്ഞതൊന്നും തീരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. തന്റെ നേരെ അന്വേഷണം വരുമെന്ന് കണ്ടെപ്പോള്‍ ശിവശങ്കറിനെ പുറത്താക്കിയിരിക്കുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

എന്‍ഐഎ അന്വേഷണപ്രകാരം സ്വപ്നയും സന്ദീപും ജൂലൈ 5-ന് തിരുവന്തപുരത്തുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് പിടിച്ച് 5 ദിവസം കഴിഞ്ഞാണ് ഇരുവരും പാലിയേക്കര, വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴി സ്വന്തം കാറില്‍ പട്ടാപ്പകല്‍ കേരളം കടന്നത് തന്നെ! ഇത്ര തന്ത്രപരമായി ബംഗളുരു വരെ എത്തണമെങ്കില്‍ അതിനു ശക്തമായ സാമ്പത്തിക-രാഷ്ട്രീയ സഹായം തന്നെ വേണം. ഈ സമയമെല്ലാം ആഭ്യന്തരവകുപ്പും കേരള പോലീസും ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ ഒത്താശയോടെയല്ല ഇവര്‍ രക്ഷപ്പെട്ടതെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേവലം പരിചയത്തിനപ്പുറം സ്വര്‍ണ്ണകള്ളക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറുടെ ബന്ധത്തിന് ധാരാളം തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയത് എണ്ണമറ്റ അനധികൃത നിയമനങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു.