പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചലില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കണം: രമേശ് ചെന്നിത്തല

മൂന്നാര്‍ : മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപെട്ടവര്‍ക്കും കരിപ്പൂര്‍ ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായമായ പത്തു ലക്ഷം രൂപ നല്‍കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുക അയിരുന്നു അദ്ദേഹം.
കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ മൂന്നാര്‍ പെട്ടിമുടിയില്‍ പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം അഞ്ചു ലക്ഷത്തില്‍ ഒതുക്കിയത് വിവേചനമാണെന്നു പൊതുവെ അഭിപ്രായം ഉണ്ട്. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തും സന്ദര്‍ശനം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം ഇനിയെങ്കിലും ഇവിടെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല ദുരന്ത ബാധിത പ്രദേശങ്ങള്‍സന്ദര്‍ശിക്കുന്നു

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസഥാന സര്‍ക്കാരിന്റെ കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെയും, ഇന്‍ഷുറന്‍സ് കമ്പനി കളുടെയും സഹായം ലഭിക്കും. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതൊന്നും പകരമാവില്ല എന്ന് നമുക്കെല്ലാം അറിയാം. പക്ഷെ പെട്ടിമുടിയിലെ പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അത്തരത്തിലുള്ള സഹായം ലഭിച്ചേക്കില്ല. വളരെ നിര്‍ധനരായ തൊഴിലാളികളാണ് ഇവിടെ മരിച്ചതും കാണാതായതും. അത് കൊണ്ട് തന്നെ കരിപ്പൂരില്‍ പ്രഖ്യാപിച്ച ധന സഹായമായ പത്തു ലക്ഷം രൂപ തന്നെ പെട്ടിമുടി ദുരന്തത്തിനു ഇരയാവര്‍ക്കും നല്‍കണം. അവര്‍ക്കായി വീട് വച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പാക്കേജ് സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കണം.

അതോടൊപ്പം മറ്റു ലയങ്ങളില്‍ നൂറുക്കണക്കിനു തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുള്ള സുരക്ഷയും, താമസവും, അടിയന്തിര സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ മൂന്നാറിലെത്തിയ പ്രതിപക്ഷ നേതാവ് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നേരില്‍ കാണുകയും വിലയിരുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട് എന്നിവരുമായും അദ്ദേഹം സംസാരിച്ചു. അതോടൊപ്പം ടാറ്റാ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു.

ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, മുന്‍ എം എല്‍ എ ഇ എം അഗസ്തി, ഡി സിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, മുന്‍ എം എല്‍ എ എ കെ മണി, കെ പി സിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് എന്നവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

SHARE