സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ചെന്നിത്തല

സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ യുവാക്കളെ അടിച്ചു കൊല്ലുകയും പെണ്‍കുട്ടികളെ തീവച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് ഉണ്ടായിട്ടുണ്ട്. പൊലീസ് കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം തടയാന്‍ കഴിയുമായിരുന്നെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
തലസ്ഥാനത്തെ നഗര മദ്ധ്യത്തില്‍ തന്നെ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റു അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയി എന്നത് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണമായ പരാജയമാണ് കാണിക്കുന്നത്.

പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിര്‍ജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണ്. ഇവരെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.