മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനം; മന്ത്രി ജലീലിന് അടിസ്ഥാനപരമായ വിവരമെങ്കിലും വേണം; ചെന്നിത്തല

കൊച്ചി: മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയെന്ന് ചെന്നിത്തല പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ നടപടിക്രമങ്ങളെക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടോ ചോദിച്ച് മനസ്സിലാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞാല്‍ പൊതു സമൂഹം ചിരിക്കുകയേ ഉള്ളൂ. വീട്ടിലിരിക്കുന്ന മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയായില്ലെന്നും ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധവുമായി ശക്തമായി മുന്നോട്ടുപോകും. ജലീലിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.