ചായ കുടിക്കാന്‍ പോയവരല്ലെ; മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അലനും താഹയും അവിടെ ചായ കുടിക്കാന്‍ പോയവരല്ലെന്നും അവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്നുമാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. അവര്‍ സി.പി.എമ്മുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് വിപരീതമായാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നത്. അവര്‍ ഇപ്പോഴും സി.പി.എം അംഗങ്ങള്‍ തന്നെയാണെന്നും മോഹനന്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ഏതാണ് ശരി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളിയാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തുവന്നത്. അലന്‍ ഷുഹൈബും താഹ ഫസലും ഇപ്പോഴും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരേ കരിനിയമമായ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പോലിസ് നല്‍കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ. കുട്ടികള്‍ക്കുണ്ടാവുന്ന വല്ല ഭ്രമവും സംഭവിച്ചിരിക്കാം. അതല്ലാതെ അവര്‍ മാവോയിസ്റ്റുകളൊന്നുമല്ല അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ട്ടി തലത്തില്‍ നിന്നുള്ള ഉഗ്രശാസനയെ തുടര്‍ന്ന് പി.മോഹനന്‍ മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് മോഹനന്‍ മലക്കം മറിഞ്ഞത്. നേരത്തെ പറഞ്ഞത് മുഴുവന്‍ ദൃശ്യ മാധ്യമങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഈ മാറ്റം.