അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍; ഗുരുതര സാഹചര്യത്തിലും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്ന്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കേരളത്തിന്‍റെ അതിർത്തികളിൽ ഗുരുതരസാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമീകരണം ഏർപ്പെടുത്താൻ സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ്. പാസ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കഴിഞ്ഞ രണ്ട് ദിവസമായി ആർക്കും പാസ് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയാൽ തീരുമാനമെടുക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ പോലുമില്ല. ഒട്ടും മുന്നൊരുക്കങ്ങളില്ലാതെയാണ്  സർക്കാർ സമീപനം. മറ്റ് സംസ്ഥാനങ്ങൾ ബസുകള്‍ അയച്ച് ആളുകളെ നാട്ടിലേക്കെത്തിക്കുന്നു. വിഷയത്തിലെ അപാകതകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുവായൂർ ദേവസ്വം ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതില്‍ തെറ്റില്ല. ക്ഷേത്രങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ നിര്‍ബന്ധപൂര്‍വ്വം പണംവാങ്ങണോയെന്ന് ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്യ സംസ്ഥാനത്തുനിന്നു രജിസ്ട്രേഷനും അംഗീകൃത പാസും ഇല്ലാതെയെത്തുന്നവരെ കടത്തി വിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. മുത്തങ്ങയില്‍ തിരക്ക് കുറവുണ്ടെങ്കിലും മഞ്ചേശ്വരം, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ ഒട്ടേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ വാളയാറാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. കേരള അതിര്‍ത്തിയിലെത്തിയിട്ടും നാട്ടിലെത്താനായി കനത്ത ചൂടിലും ഏറെ നേരം കാത്തിരിക്കേണ്ട ഗുരതരമായ സാഹചര്യത്തിലാണ് മലയാളികള്‍.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകള്‍ ഓടിയെങ്കിലും കേരളത്തിലേക്ക് ഇതുവരെ ഒരു ട്രെയില്‍ പോലും ഓടാത്തതും സര്‍ക്കാറിന്റെ കൊള്ളരുതായ്മായാണ് കാണിക്കുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.
ഇതുവരെ മലയാളികളെയും കൊണ്ട് ഒരു തീവണ്ടി പോലും കേരളത്തിലെത്താത്തത് എന്തുകൊണ്ടെന്ന് സതീശന്‍ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചിരുന്നു. തീവണ്ടിക്കായി പ്രധാനമന്ത്രിക്ക് കത്തെഴുതി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതിനായി റെയില്‍വേയോടാണ് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ കണ്ടില്ലേയെന്നും മറ്റു സംസ്ഥാനങ്ങള്‍ അവരുടെ നാട്ടുകാരെ അങ്ങിനെയാണ് തീവണ്ടിയില്‍ കേരളത്തില്‍ നിന്നും കൊണ്ടുപോയതെന്ന് സര്‍ക്കാറിന് അറിയില്ലെയെന്നും സതീശന്‍ ചേദിച്ചു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ഒരു കെ ഐസ് ആര്‍ ടി സി ബസ് പോലും അനുവദിക്കാത്തത് എന്താണെന്നും എങ്ങിനെയെങ്കിലും കേരളത്തിന്റെ അതിര്‍ത്തി വരെയെത്തുന്ന മലയാളികളെയെങ്കിലും വീടുകളിലെത്തിക്കാന്‍ ഒരു വാഹന സൗകര്യം പോലും ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്നും സര്‍ക്കാരിനെതിരെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.