രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ഇനിയും തെളിവ് വേണോ!, ഉളുപ്പ് വേണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്നും ചെന്നിത്തല ചോദിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേരളത്തെ ലോകത്തിന് മുന്നില്‍ സംസ്ഥാന സർക്കാർ നാണംകെടുത്തി. നാലു വര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി  ശിവശങ്കര്‍ കള്ളക്കടത്തുകാരെ സഹായിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല. രാജിവെച്ച് പുറത്തുപോകണമെന്നും ഉളുപ്പ് വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ പിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ കീഴുദ്യോഗസ്ഥനും ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രനാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന് രാജിവെച്ച് പോകാന്‍ ഇനിയെന്ത് തെളിവാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

എന്‍ഐഎ അന്വേഷിക്കുന്ന കേസ് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് എന്ത് അധികാരമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം എന്‍ഐഎയുടെ ചോദ്യംചെയ്യലിന് ഭാഗമാകാന്‍ പോകുകയാണെന്നും ചെന്നിത്തല സൂചിപ്പിച്ചു. പിണറായി വിജയൻ ആരെയാണ് പേടിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം നേരിടാൻ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണക്കടത്തുകേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ പോയ സ്വീക്കർ കേരള നിയമസഭയുടെ അന്തസാണ് കളഞ്ഞ് കുളിച്ചത്. ഇത്രയും പണം ചിലവഴിച്ചൊരു സ്വീക്കർ കേരള നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 16 കോടി രൂപയാണ് ശങ്കരനാരായണൻ സമിതി ഹാൾ പഞ്ചനക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാൻ സ്പീക്കർ നീക്കിവെച്ചത്. ഇതിനകംതന്നെ 9,10 കോടി രൂപ ചിലവഴിച്ചുകഴിഞ്ഞു. അതുപോലെ എന്തെല്ലാം അനാവശ്യ ചിലവുകളാണ് സഭയുടെ ഓഡിറ്റില്ലാത്തുമൂലവും ആരും ചർച്ച ചെയ്യാത്തതുമൂലവും ഇഷ്ടം പോലെ ചിലവഴിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ഞങ്ങൾ നിയമസഭയിൽ അവിശ്വാസ പ്രമേയത്തിൽ പറയും. ഇതുപോലെ ഒരു സ്പീക്കറും വിദേശപര്യടനം നടത്തിയിട്ടില്ലെന്ന് അവിശ്വസപ്രമേയത്തിൽ വ്യക്തമാക്കും. അതിന്റെ വിശദമായ വിവരങ്ങളും ഞങ്ങൾ പറയും. അതുകൊണ്ട് തന്നെ ഈ സ്പീക്കർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. സഭയുടെ അന്തസിനെ തകർത്തിരിക്കുന്നു. സഭയുടെ മഹനീയമായ എല്ലാ പാരമ്പര്യങ്ങളെയും കളഞ്ഞ് കുളിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള ആവശ്യമുന്നയിച്ച് കൊണ്ട് ഞങ്ങൾ 14 ദിവസത്തിന് മുമ്പ് നോട്ടീസ് കൊടുക്കണം. സമൻസ് വന്നുകഴിഞ്ഞാലെ നോട്ടീസ് കൊടുക്കാവു. സമൻസ് വരുന്നതിന് അനുസരിച്ച് സ്പീക്കർക്കെതിരെയുള്ള നോട്ടീസ് നൽകും.

മന്ത്രി ജലീലിനെതിരെ തെളിവ് വന്നപ്പോള്‍ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. നടത്താൻ ഉദ്ദേശിക്കുന്ന വിവിധ സമര പരിപാടികളെക്കുറിച്ചും ചെന്നിത്തല വ്യക്തമാക്കി. ജനപ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും നേരിട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ. ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വെർച്വൽ റാലി നടത്തുമെന്നും ചെന്നിത്തല വ്യക്കമാക്കി