തിരുവനന്തപുരം: യു.എ.ഇ കോണ്‍സിലേറ്റിന്റെ ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിലെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ ഇതാവിശ്യപ്പെട്ട് കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഈ കത്ത് പരിഗണിച്ച് അനുമതി നല്‍കേണ്ടത്. ഈ അനുമതി ലഭിച്ചാല്‍ മത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകള്‍ കൊണ്ടുവരാന്‍ സാധിക്കൂ. ആ നിലയ്ക്ക് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വര്‍ണ്ണം കടത്തിയിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ സ്വര്‍ണ്ണം കടത്തിയതാണ് കസ്റ്റംസ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല എന്നിരിക്കെ ഈ ഇരുപത്തിമൂന്ന് തവണയും കളളക്കടത്ത് നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോട് കൂടെ തന്നെയാണ് എന്നു വരുന്നു. അത് കൊണ്ടാണ് സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തിയതും ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതും. ഇതെല്ലാം അതീവ ഗൗരവ സ്വഭാവത്തിലുള്ള കാര്യങ്ങളാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ മാത്രമാണ് കള്ളക്കടത്ത് സംഘത്തിന് നിര്‍ബാധം നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണം കടത്താന്‍ കഴിഞ്ഞത് അത് കൊണ്ട് തന്നെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്ക്കാന് കഴിയില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ കള്ളക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് തെളിഞ്ഞ് വരേണ്ടതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.