കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരശേഖരണം; ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ (സി.ഡി.ആര്‍) അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഇത് എന്ന സംശയം ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന്റെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം.

SHARE