തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതിപക്ഷം ഉന്നയിച്ച എല്ലാക്കാര്യങ്ങളും അതീവ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ കാണാന്‍ കഴിയുന്നത്. പ്രതിപക്ഷം ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് കോടതിയില്‍നിന്ന് തീര്‍പ്പുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഡേറ്റാ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ തീരുമാനം ഉണ്ടായി. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. കേരള സര്‍ക്കാരിന്റെ എംബ്ലവും ചിഹ്നങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള സ്പ്രിംക്ലര്‍ കമ്പനിയുടെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മക പൂര്‍ണമായി പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. കമ്പനി ശേഖരിച്ച വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും കോടതി നിഷ്കര്ഷിച്ചതായും ചെന്നിത്തല പറഞ്ഞു.
ഒരു ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിരിക്കുകയാണ്. സര്‍ക്കാരിന് അന്തസ്സുണ്ടെങ്കില്‍ ഈ കരാര്‍ റദ്ദാക്കുകയാണ് വേണ്ടത്. ഈ കരാര്‍ കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും കണക്കിലെടുത്താല്‍ ഈ കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും എന്ത് പ്രതിബദ്ധതയാണ് സ്പ്രിങ്ക്ളറിനോട് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.