രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ നാരായണ കുറുപ്പ് ആവശ്യപ്പെട്ടു. ലാഘവ ബുദ്ധിയോടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം അന്വേഷണത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ കമ്മീഷന്‍ നേരിട്ട് പരിശോധിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് സ്റ്റേഷന് പുറമെ രാജകുമാറിന്റെ വൈദ്യപരിശോധന നടത്തിയ താലൂക്ക് ആസ്പത്രിയിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ കെ നാരായണകുറുപ്പ് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മയും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കുമെന്നറിയില്ലെന്നും അവര്‍ പറഞ്ഞു.