ഗവര്‍ണര്‍ അതിരു കടക്കുന്നു; മുഖ്യമന്ത്രിയുടെ നല്ലപിള്ള ചമയല്‍ ദൂരൂഹമെന്നും ചെന്നിത്തല

പാലക്കാട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ പ്രസ്താവന അതിരുകടക്കുന്നുവെന്നും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസ്സിലാക്കാതെ ആരിഫ് ഖാന്‍ പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റിനെ പോലെ, സംസ്ഥാന പ്രസിഡന്റിനെ പോലെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇതുകേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു നടപടിയാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമാണ് നിയമസഭയില്‍ പ്രതിഫലിച്ചത്. ഒരംഗം ഒഴികെ എല്ലാവരും അതിനെ എതിര്‍ത്തുകൊണ്ടാണ് സംസാരിച്ചെതെന്നും ചെന്നിത്തല പറഞ്ഞു. 

ഗവര്‍ണര്‍ അതിരുകടന്നു പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സി.അച്യുതമേനോൻ സർക്കാരിനെ മുഖ്യമന്ത്രി തമസ്‌കരിച്ചത് പ്രതിഷേധാർഹമാണെന്നും അത് ചരിത്രത്തോടുളള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.ചരിത്ര യാഥാർഥ്യങ്ങളെ മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ പതിന്നാല് ജില്ലകളിലും യുഡിഎഫ്‌ മനുഷ്യഭൂപടം നിര്‍മിക്കും. ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.