84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലറിന് വിറ്റു: പ്രതിപക്ഷ നേതാവ് ചെന്നിത്തല

തിരുവനന്തപുരം: 84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അഴിമതിയുടെ ഭാഗമാണ്. കമ്പനിയുടെ സേവനം സൗജന്യമല്ല. കോവിഡ് കാലം കഴിഞ്ഞ ശേഷം വില നിശ്ചയിക്കുമെന്നാണ് പര്‍ച്ചേസ് ഓര്‍ഡറില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വിവര തട്ടിപ്പ് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്ലര്‍. കമ്പനി ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ കേസ് നേരിടുന്നു. ഇങ്ങനെയൊരു കമ്പനിക്ക് വിവരങ്ങള്‍ കൈമാറിയത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്പ്രിംഗ്ലര്‍ സൈറ്റിലേക്ക് തന്നെയാണ് ഇപ്പോഴും വിവരങ്ങള്‍ പോകുന്നത്. തദ്ദേശ വകുപ്പിനോ ആരോഗ്യ വകുപ്പിനോ അറിവില്ല. ഐടി സെക്രട്ടറിയുടെ പരസ്യം സദുദ്ദേശത്തോടെയാണ് നല്‍കിയതെങ്കില്‍ ഒഴിവാക്കിയതെന്തിനാണ്? പ്രളയകാലത്തും ഈ കമ്പനി സഹകരിച്ചെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറയുന്നു. പ്രളയ കാലത്ത് സഹകരിച്ചത് ആര്‍ക്കും അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അമേരിക്കയിലെ കോടതിയില്‍ പോകണം. കമ്പനിയുടെ കത്തിന് നിയമപരമായ പിന്‍ബലമില്ല. താന്‍ ഇക്കാര്യം ഉന്നയിച്ചത് കൊണ്ടു മാത്രമാണ് കമ്പനിയില്‍ നിന്ന് കത്ത് വാങ്ങിയത്. മന്ത്രിസഭയുടെയോ കേന്ദ്രത്തിന്റെയോ അനുമതിയില്ലാതെയാണ് കരാര്‍. സ്പ്രിംഗ്ലര്‍ കമ്പനിയുടെ ഏജന്റായി ഐ.ടി സെക്രട്ടറി മാറി. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കെന്തെന്നും മുഖ്യമന്ത്രി കമ്പനിയുമായി ചര്‍ച്ച നടത്തിയോ എന്നും ചെന്നിത്തല ചോദിക്കുന്നു. ഐടി സെക്രട്ടറിയെ പുറത്താക്കണമെന്നും അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

SHARE