മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി മടങ്ങിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

കുട്ടനാട് ദുരിതാവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഓരോ മന്ത്രിയും ഓരോ കാര്യങ്ങളാണ് പറയുന്നത്. എം.പിമാരെ യോഗവിവരം അറിയിച്ചത് വൈകിയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ അവലോകന യോഗം പ്രഹസനമായിരുന്നു. ദുരന്തം പരിഹരിക്കാന്‍ യാതൊരു നടപടിയുമില്ല. മുഖ്യമന്ത്രി കുട്ടനാട്ടെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുട്ടനാട് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെയാണെന്നും എന്നിട്ടും മുഖ്യമന്ത്രി കൂട്ടനാട്ടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കുട്ടനാട്ടെ കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ തനിക്ക് ഇക്കുറി ക്ഷണം കിട്ടിയില്ലെന്നും കാരണം എന്തെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.