സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ചുതള്ളിയെന്ന് ചെന്നിത്തല; സൈന്യമെത്താന്‍ വൈകി, ഭരണം സൈന്യത്തിന് നല്‍കാനാവില്ലെന്നും കൊടിയേരി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇനിയെങ്കിലും പൂര്‍ണ്ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണം. എന്നാല്‍ മാത്രമേ പൂര്‍ണ്ണമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൈന്യത്തിന് സാധിക്കൂ. നിലവിലെ സാഹചര്യം നേരിടുന്നതിന് അഗ്‌നിശമനസേനക്കും പൊലീസിനും പരിമിതിയുണ്ട്.

താന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയില്ല. പക്ഷേ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കാന്‍ തയാറാകണം. എല്ലാവരും രാഷ്ട്രീയത്തിന് അതീതമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എംഎല്‍എമാര്‍ നിരന്തരമായി സഹായം തേടുകയാണ്. എം.എല്‍.എമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, വി.ഡി. സതീശന്‍, റോഷി തുടങ്ങിയവരെല്ലാം സഹായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന് സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കേരളത്തിന്റെ ഭരണം സൈന്യത്തെ ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.