വീണ്ടും ലാവ്‌ലിന്‍; കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക്; സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനി ഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് ലാവ്‌ലിന്‍. അങ്ങനെയുള്ള കമ്പനിയുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സര്‍ക്കാരിന്റെ മസാല ബോണ്ടുകളില്‍ നിക്ഷേപം നടത്തുമെന്ന് ചെന്നിത്തല ചോദിച്ചു. ഇതിന് പിന്നില്‍ ഒത്തുകളിയും വന്‍ അഴിമതിയുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

2150 കോടിയുടെ മസാലബോണ്ടുകള്‍ വിറ്റഴിച്ചതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കിഫ്ബിയുടെ മസാലബോണ്ടുകള്‍ വാങ്ങിയത് എസ്എന്‍സി ലാവ്‌ലിനില്‍ ഇരുപത് ശതമാനം ഷെയറുള്ള കനേഡിയന്‍ കമ്പനിയാണ്. ഏതെല്ലാം വിദേശ കമ്പനികളാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കൂടതല്‍ ബോണ്ടുകള്‍ വിറ്റത് കാനേഡിയയിലും സിംഗപ്പൂരിലുമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ മാത്രം ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതെന്ത് കൊണ്ടാണ്. എങ്ങനെയാണ് ലാവ്‌ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള ഫണ്ടിംഗ് ഏജന്‍സിക്ക് ബോണ്ടുകള്‍ വാങ്ങാനുള്ള സൗകര്യം ഉണ്ടായത്. ഇത് വലിയ അഴിമതിയുടെ ഭാഗമാണ്. ലാവ്‌ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികൂട്ടില്‍ നില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ലാവലിന്‍ കമ്പനിയെ സഹായിക്കാനുള്ള വളഞ്ഞ വഴിയെ ആണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ബോണ്ട് വില്‍പ്പനയില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്നും ചെന്നിത്തല ചോദിച്ചു.