ജലീലിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്ന് ചെന്നിത്തല

കൊച്ചി: ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്നോട്ട് പോയിട്ടില്ലെന്നും ജലീല്‍ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജലീലിനെതിരെയുള്ള സമരത്തിന്റെ രൂപം നിശ്ചയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

ജലീലിനെതിരെ പരാതിയുളളവര്‍ കോടതിയില്‍ പോകട്ടെയെന്ന സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ നിലപാട് ഏകാധിപത്യപരമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മുഖ്യമന്ത്രിക്കറിയാവുന്നതുകൊണ്ടാണ് അദ്ദേഹം വിഷയത്തില്‍ ഒന്നും മിണ്ടാത്തത്. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. തന്റെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെക്കൂടി ഇത്തരത്തില്‍ എങ്ങനെ പുറത്താക്കുമെന്ന ചിന്തയുള്ളതിനാലാണ് ജലീലിനെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതെന്നും ചെന്നിത്തല പറഞ്ഞു.