പ്രതിഷേധക്കാര്‍ക്കെതിരെ കേസ്;അമിത്ഷായുടെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമവിധേയമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത്ഷായുടെ നിലപാട് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പ്രതിപക്ഷത്തിന് എസ്ഡിപിഐയെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.

ഈ നാട്ടില്‍ എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് ജനത്തിനറിയാം. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐയെ പറ്റി പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനാണെന്നാ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.

അങ്കമാലിയില്‍ മഹല്ല് കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ സമാധാനപരമായി സമരം നടത്തിയ 200 പേര്‍ക്കെതിരെ കേസ് എടുത്തത് എന്തിനാണെന്നും അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും എംഎല്‍എ റോജി ജോണ്‍ പറഞ്ഞു. എന്നാല്‍ ചോദ്യത്തിന് മുഖ്യമന്ത്രി ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.