ബാറുകളിലെ മദ്യത്തിന്റെ പുറം വില്പന; മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ ബാറുകളില്‍ മദ്യത്തിന്റെ പുറം വില്പനയക്ക് അനുമതി നല്‍കിയതിന് പിന്നിലെ അഴിമതിയെ ന്യായീകരിക്കാന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അപകടകരമാണെന്നും അതിനാല്‍ ഔട്ട് ലെറ്റുകള്‍ അടച്ചു പൂട്ടണമെന്നുമാണ് ഫേസ് ബുക്ക് പോസ്റ്റില്‍ താന്‍ പറഞ്ഞത്. ലോക്കൗട്ട് തുടങ്ങുന്ന സമയത്ത് ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാതിരുന്നപ്പോഴാണ് അത് പറഞ്ഞത്. ആ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉപയോഗിച്ച് ബാറുകളും കൂടി തുറക്കുന്ന മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമെന്നേ പറയാനുള്ളൂ. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ തീവെട്ടി കൊള്ളയാണ് ബാറുകള്‍ക്കും നല്‍കിയ ചില്ലറ വില്പനയ്ക്കുള്ള അനുമതി. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് മദ്യത്തിന്റെ ചില്ലറ വില്പനയില്‍ സര്‍ക്കാരിന്റെ കുത്തക അവസാനിപ്പിച്ച് അത് മദ്യമുതലാളിമാരെ ഏല്പിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍.

മദ്യത്തിന്റെ ചില്ലറ വില്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷന്‍ സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നതെങ്കില്‍ ബാറുകളില്‍ ബിവറേജസ് നിരക്കില്‍ വില്‍ക്കുന്ന മദ്യത്തിന്റെ കമ്മീഷന്‍ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന വല്ലാതെ ഇടിയുകയും അവ കാലക്രമത്തില്‍ അടച്ചു പൂട്ടുകയും ചെയ്യും. സര്‍ക്കാരിന്റെ ലക്ഷ്യവും അതാണ്. ഈ കൊടിയ അഴിമതിക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കൂട്ടു പിടിക്കേണ്ട കാര്യമില്ല. കോവിഡിന്റെ ഈ ദുരിത കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടില്‍ കൊള്ള നടത്തുകയല്ല വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.