പൗരത്വ ഭേദഗതി പ്രതിഷേധം; പിണറായിയെ കൂട്ടുപിടിച്ച് നരേന്ദ്രമോദി; വെട്ടിലായി സി.പി.എം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയവാദികളാണെന്ന് സ്ഥാപിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാദം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് പിണറായിയുടെ വാക്കുകള്‍ കടമെടുത്ത് മോദി പൗരത്വ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന പിണറായിയുടെ പ്രസ്താവനയാണ് പാര്‍ലമെന്റില്‍ മോദി ആയുധമാക്കിയത്.

”ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?”- എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

അതേസമയം, പൗരത്വനിയമഭേദഗതി സമരത്തെ തീര്‍ത്തും ദുര്‍ബലപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിലുയര്‍ത്തിപ്പിടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണോ എന്ന് സംശയിക്കേണ്ട കാര്യമാണ്. ദേശീയ തലത്തില്‍ വളര്‍ന്നുവന്ന ഒരു സമരെത്ത തീര്‍ത്തും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന നിലപാടായി പിണറായിയുടെ വാക്കുകളെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടമുഖമാണ്. യുഎപിഎയ്‌ക്കെതിരെ സംസാരിച്ചിട്ട് യുഎപിഎ ചുമത്തുക. പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തിട്ട് മനുഷ്യച്ചങ്ങലയില്‍ പങ്കാളിയാവുക. ഇത് ജനങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്നും ഇപ്പോള്‍ പിണറായിയുടെ അനാവശ്യപരാമര്‍ശം നരേന്ദ്ര മോദിക്ക് ആയുധമായെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന നിരപരാധികളെ പൊലീസ് കള്ളക്കേസെടുത്ത് വേട്ടയാടുന്നത് പ്രതിപക്ഷം നിയമ നിയസഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശം. പ്രതിഷേധ സമരങ്ങളെ വര്‍ഗീയവാദത്തിന്റെ മുദ്രചാര്‍ത്തി അധിക്ഷേപിക്കാനും അടിച്ചമര്‍ത്താനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ അന്നുതന്നെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പിണറായിയുടെ പരാമര്‍ശം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറയാന്‍ മോദി ആയുധമാക്കിയത്. ഇതോടെ പൗരത്വത്തില്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ലോക്‌സഭയിലും രാജ്യസഭയിലും നടത്തിയ പ്രസംഗങ്ങളിലുടനീളം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും കുറ്റപ്പെടുത്താനും പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാനും ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറയാനുമാണ് മോദി ശ്രമിച്ചത്. ലോക്‌സഭയില്‍ മാത്രം ഒന്നര മണിക്കൂറിലധികമാണ് മോദി സംസാരിച്ചത്. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച രാജ്യമനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചോ തൊഴിലില്ലാഴ്മയെ കുറിച്ചോ ഒന്നും പ്രധാനമന്ത്രി സംസാരിച്ചില്ല.

ഷാഹിന്‍ബാഗില്‍ ഉള്‍പ്പെടെ അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ക്കു പിറകില്‍ തുക്ക്‌ഡേ തുക്ക്‌ഡേ സംഘങ്ങളാണെന്ന വിമര്‍ശനം മോദി പാര്‍ലമെന്റിലും ആവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ഇത് ഏറ്റുപിടിക്കുകയാണെന്നും പാകിസ്താന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും വരെ മോദി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ പിടിച്ചുലക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം ഭരണപക്ഷത്തിന്റെ ബഹളത്തെ കൂട്ടുപിടിച്ച്‌ വ്യക്തിപരമായി അപമാനിക്കാനും പരിഹസിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.