രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: ഇടത് മുന്നണിയും ബി.ജെ.പിയും വിറളി പിടിച്ച അവസ്ഥയിലാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വന്നാല്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം. എതിര്‍ കക്ഷി ബിജെപിയാണെങ്കില്‍ വയനാട്ടില്‍ രാഹുലിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടത് മുന്നണി ഒരുക്കമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. രാഹുല്‍ മത്സരിക്കാന്‍ എത്തുമെന്ന് അറിഞ്ഞതോടെ ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയിലാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇരുപതില്‍ ഇരുപതും സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ ആശങ്കയെന്നും അതുകൊണ്ടാണ് രാഹുല്‍ മത്സരിക്കുന്നതിനെതിരെ ഇടത് മുന്നണി രംഗത്തെത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നീങ്ങിയിട്ടില്ല.