‘ഐ ഫോണ്‍ വാങ്ങിയ ആള്‍ പുറത്തും തട്ടിപ്പ് നടത്തിയ ആള്‍ അകത്തും’; ഇതെന്തു നയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് സാമാന്യനീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം നടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ അറിയിച്ചത്. ആരോപണം അന്വേഷിക്കില്ലെന്ന് പറയുന്നത് അധാര്‍മ്മികമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണത്. കേരളചരിത്രത്തില്‍ ഇത് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.

‘മോണ്ട് ബ്ലാങ്ക് പേനയും ഐ ഫോണും ഉപയോഗിച്ച് ആഢംബര ജീവിതം നയിച്ചതിന്റെ പേരില്‍ ദേശീയ നേതൃത്വം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ആഡംബര കാര്‍ വാങ്ങുകയും 13 കോടി തട്ടിപ്പ് നടത്തുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുകയും ചെയ്യുന്നു’, ഇതെന്തു നിലപാടാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്ക് എന്തോ മറച്ച് വെക്കാനുണ്ടെന്നത് വ്യക്തമാണ്. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു