‘മോഹന്‍ലാല്‍ മണ്ടത്തരം കാണിക്കില്ല’; ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് കഌബ്ബിന്റെ ‘പ്രളയാനന്തരം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സ്വീകാര്യനുമായാണ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന്മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നതിനോട് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ച്ചക്കു ശേഷമാണ് മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത ശക്തിപ്പെട്ടത്.