വന്‍ പ്രതിഷേധം; എന്‍.പി.ആര്‍ നടപടികള്‍ക്ക് അധ്യാപകരെ ആവശ്യപ്പെട്ടുള്ള കത്ത് രാമനാട്ടുകര നഗരസഭ പിന്‍വലിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍.പി.ആറിനുള്ള നടപടികളുമായി സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ മുന്നോട്ട് പോവുന്നുതിന്റെ ഭാഗമായി രാനാട്ടുകര നഗരസഭ സെന്‍സസിനും എന്‍.പി.ആറിന് അധ്യാപകരെ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് അയച്ച കത്ത് പിന്‍വലിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍, കെ.എസ്.ടി.യു നേതാക്കളായ ടി. അബ്ദുള്‍നാസര്‍,സി.പി സൈഫുദ്ധീന്‍, പി. മുഹമ്മദ് അസ്‌കര്‍, കെ ഇസ്ഹാഖ് കെ.പി.എസ്.ടി.യു നേതാക്കളായ കെ. മുനീര്‍, വി.എം ശിഹാബുദ്ധീന്‍ എന്നിവര്‍ രാമനാട്ടുകാര മുനിസിപ്പാലിറ്റി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

സെന്‍സസ് എന്‍.പി.ആര്‍ നടപടികള്‍ ആരംഭിക്കുന്നതിനുള്ള ഉത്തരവിനൊപ്പമാണ് അധ്യാപകരുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും നഗരസഭാ സെക്രട്ടറി അയച്ചിരിക്കുന്നത്. കത്തില്‍ സെന്‍സസ് നടപടികള്‍ക്കാണ് അധ്യാപകരെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.പി.ആര്‍ എന്ന വാചകം കത്തില്‍ പറയുന്നില്ല. അതേസമയം സൂചനയില്‍ എന്‍.പി.ആര്‍ അപ്‌ഡേഷനെ കുറിച്ച് പറയുന്നുണ്ട്. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്‍.പി.ആറിനെതിരെ മുഖ്യമന്ത്രി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ എന്‍.പി.ആര്‍ നടപടികള്‍ തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലും വിവാദമായിരുന്നു. മഞ്ചേരി, നിലമ്പൂര്‍ നഗരസഭകള്‍ ഇത്തരം നീക്കം നടത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച അബദ്ധം എന്നാണ് അതിന് സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്.

SHARE