മോദി സര്‍ക്കാറിന്റെ വിസ്ത പദ്ധതിയെ വിമര്‍ശിച്ചെഴുതിയ ലേഖനം സെന്‍സര്‍ ചെയ്ത് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ ടൈംസില്‍ കോളമെഴുത്ത് നിര്‍ത്തി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. പാസ്റ്റ് ആന്റ് പ്രസന്റ് എന്ന വാരാന്ത്യ കോളമാണ് ഗുഹ നിര്‍ത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ 20000 കോടി മുടക്കി നടത്തുന്ന പദ്ധതിയുടെ അനൗചിത്യത്തെ പറ്റിയായിരുന്നു ലേഖനം. രാജ്പഥും പാര്‍ലമെന്റും അനുബന്ധ സമുച്ചയങ്ങളും പുതുക്കിപ്പണിയുന്ന പദ്ധതിയാണ് വിസ്ത.
ലേഖനം പ്രസിദ്ധീകരിക്കാന്‍ എഡിറ്റേഴ്‌സിനു സമ്മതമായിരുന്നെന്നും എന്നാല്‍ മാനേജ്മെന്റിന്റെ താല്‍പര്യ പ്രകാരം ലേഖനം സെന്‍സര്‍ ചെയ്യാനും കോളം തുടരാനുമാണ് ആവശ്യപ്പെട്ടതെന്ന് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.എന്നാല്‍ താന്‍ ഇവര്‍ക്കു വേണ്ടി ഇനി കോളം എഴുതുന്നത് നിര്‍ത്താനാണ് തീരുമാനിച്ചതെന്ന് രാമചന്ദ്ര ഗുഹ വ്യക്തമാക്കി. ലേഖനം പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ വയറില്‍ പ്രസിദ്ധീകരിച്ചു.
ആറു വര്‍ഷം മുമ്പാണ് രാജ്യത്ത് ഏറ്റവും വലിയ മൂന്നാമത്തെ ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഗുഹ കോളമെഴുത്ത് ആരംഭിച്ചത്. സെന്‍സര്‍ഷിപ്പ് പറ്റില്ല എന്ന നിബന്ധനയോടെ ആയിരുന്നു കരാര്‍. ചില ഘടങ്ങളില്‍ തന്റെ അനുമതിയില്ലാതെ ചില എഡിറ്റിങും ഒഴിവാക്കലും നടന്നിരുന്നു. എന്നാല്‍ എന്റെ കോളം പുനരെഴുതാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നില്ല. ഈ ഞായറാഴ്ച (ഏപ്രില്‍ 19) താന്‍ അയച്ച കോളം പ്രസിദ്ധീകരിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറായില്ല. ലേഖനം സമ്പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ച ദ വയറിന് കൃതജ്ഞത അറിയിക്കുന്നു- ഗുഹ വ്യക്തമാക്കി.
ദ ഫോളി ആന്‍ഡ് വാനിറ്റി ഓഫ് ദ പ്രോജക്ട് ടു റിസൈന്‍ ഡല്‍ഹി (ഡല്‍ഹിയിലെ പുനര്‍രൂപകല്പന ചെയ്യുന്ന പദ്ധതിയുടെ വിഡഡ്ഢിത്തവും പൊങ്ങച്ചവും) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.