പഠിക്കുകയായിരുന്നോ അതോ ഒളിവിലോ? – മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കി രാമചന്ദ്ര ഗുഹ

രാമചന്ദ്ര ഗുഹ

അടിയന്തരാവസ്ഥക്കാലത്ത് താന്‍ ഒളിവില്‍ പോരാട്ടം നയിക്കുകയായിരുന്നുവെന്നും 1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നുമുള്ള നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടുക്കി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. 1978-ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെങ്കില്‍, സ്ഥിരമായി അവകാശപ്പെടുന്നതു പോലെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്നും അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ ധാരിയും ഒന്നിച്ച് ആവുക എന്നത് അസംഭവ്യമാണെന്നും രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.

ബിരുദ വിവാദത്തില്‍ 1978-ലെ രേഖകള്‍ പരസ്യമാക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് രാമചന്ദ്ര ഗുഹ കുറിച്ചതിങ്ങനെ:

‘പ്രധാനമന്ത്രി ശരിക്കും 1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെങ്കില്‍ 1975 മുതല്‍ 1978 വരെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണര്‍ത്ഥം. ഒന്നുകില്‍ അദ്ദേഹം അടിയന്തരാവസ്ഥാ പോരാളിയായിരുന്നു; അല്ലെങ്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദധാരി. തീര്‍ച്ചയായും ഇതു രണ്ടും ഒന്നിച്ചല്ല.’

‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’, ‘ഗാന്ധി ബിഫോര്‍ ഇന്ത്യ’ ‘ഡെമോക്രാറ്റ്‌സ് ആന്റ് ഡിസന്റേഴ്‌സ്’ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.