രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവര്‍, നല്‍കിയത് പ്രസിഡന്റ്,ജന.സെക്രട്ടറി പദങ്ങള്‍

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു രൂപം നല്‍കിയ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവരെ തന്നെ നിയോഗിച്ചു. മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹന്ദ് നൃത്യഗോപാല്‍ ദാസ്, ചമ്പാത് റായ് എന്നിവരെയാണ് ട്രസ്റ്റ് അംഗങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന ട്രസ്റ്റിന്റെ ആദ്യ യോഗത്തില്‍ തന്നെയാണ് രണ്ടു പ്രതികള്‍ക്കും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ നല്‍കിയത്.

നേരത്തെ നിശ്ചയിച്ചിരുന്ന ട്രസ്റ്റിന്റെ സമിതിയില്‍ ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇരുവരെയും കൂടി ഉള്‍പെടുത്തുകയായിരുന്നു. രാമജന്മഭൂമി ന്യാസിന്റെ മുതിര്‍ന്ന അംഗം മഹന്ദ് കമാല്‍ നയന്‍ദാസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഇരുവരും പ്രതികളായതിനാലാണ് അവരുടെ പേരുകള്‍ ചേര്‍ക്കാത്തതെന്ന് എം.എല്‍.എമാരും ആഭ്യന്തര മന്ത്രാലയവും തങ്ങളോട് പറഞ്ഞു. നിയമപരമായ വെല്ലുവിളിയെ സര്‍ക്കാര്‍ ഭയപ്പെട്ടുവെന്നും മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു.

1992ലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങി ഒമ്പതോളം ഗുരുതര കുറ്റങ്ങളാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ചമ്പാത് റായ് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാമക്ഷേത്ര ട്രസ്റ്റില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയതിനെതിരെ അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ മുസ് ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫര്യബ് ജിലാനി രംഗത്തെത്തി. ഈ തീരുമാനം സുപ്രിം കോടതിയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ‘രാം മന്ദിര്‍ ട്രസ്റ്റില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ രണ്ടു പ്രതികളെ ഉള്‍പ്പെടുത്തിയത് 2019 നവംബറില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് എതിരാണ്.’ അദ്ദേഹം പറഞ്ഞു.