ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് വിമര്‍ശം. പരിപാടിയില്‍ പങ്കെടുക്കുന്ന മിക്ക അതിഥികള്‍ക്കും വീട്ടില്‍ ഇരിക്കേണ്ട പ്രായമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 65 വയസ്സിന് മുകളിലുള്ളവര്‍ നിലവിലെ സാഹചര്യത്തില്‍ വീട്ടിനു പുറത്തിറങ്ങരുത്.
ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ക്ഷേത്രത്തിന് ശിലയിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രായം 69 വയസ്സാണ്. സെപ്തംബര്‍ 17ന് മോദിക്ക് എഴുപത് വയസ്സു തികയും. മറ്റൊരു പ്രധാന അതിഥി ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനും മോദിയുടെ പ്രായമാണ്. അടുത്തമാസം 11ന് ഭാഗവതിന് 70 തികയും.
പരിപാടിയില്‍ പങ്കെടുത്തേക്കുമെന്ന സൂചനയുള്ള എല്‍.കെ അദ്വനിക്ക് 92 വയസ്സാണ് പ്രായം. വരുന്ന നവംബറില്‍ മുന്‍ ഉപപ്രധാനമന്ത്രിക്ക് 93 തികയും. മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്ക് 86 ആണ് പ്രായം. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഉറപ്പുള്ള മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങിന് 88 വയസ്സായി. ബാബരി മസ്ജിദ് തകര്‍ക്കുന്ന വേളയിലെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് ചടങ്ങിനായി അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്. മറ്റൊരു നേതാവ് ഉമാഭാരതിക്ക് 61 വയസ്സും.
ആള്‍ക്കൂട്ടം ഒത്തുകൂടുന്ന മതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളും 65 വയസ്സിനു മുകളിലുള്ളവര്‍ പങ്കെടുക്കരുത് എന്നാണ് അണ്‍ലോക്ക് 3 പ്രകാരം കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇരുനൂറിലേറെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഭക്തര്‍ക്കായി ചടങ്ങുകള്‍ കാണാന്‍ അയോദ്ധ്യയില്‍ ഉടനീളം ടെലിവിഷന്‍ സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരദര്ശന് പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
സ്റ്റേജില്‍ അഞ്ചു പേര് മാത്രമാകും ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമുള്ള മറ്റു നാലു പേര് സന്യാസിമാര്‍ ആയിരിക്കും എന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആര്‍ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. രാമജന്മഭൂമി തീര്ത്ഷ ക്ഷേത്ര ട്രസ്റ്റ് ജനറള്‍ സെക്രട്ടറി ചംപത് റായ് ആണ് അതിഥികള്‍ക്ക് ക്ഷണം അയച്ചിട്ടുള്ളത്.
ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിനു വിട്ടുനല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം വിട്ടു നല്‍കണമെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു.