ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത് പൂജയില്‍ പങ്കെടുത്ത ഒരാഴ്ചയ്ക്ക് ശേഷം. ആഗസ്ത് അഞ്ചിനു നടന്ന രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രിയെ കൂടാതെ വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളായിരുന്നു നൃത്യഗോപാല്‍ ദാസ്.
പ്രധാമമന്ത്രി മോദിയ്ക്കും നൃത്യഗോപാല്‍ ദാസിനും പുറമെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരായിരുന്നു അയോധ്യ ശിലാസ്ഥാപന വേദിയില്‍ ഉണ്ടായിരുന്നത്.

മഥുരയില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കായി പങ്കെടുക്കവെ നൃത്യഗോപാല്‍ ദാസിന് ശ്വാസതടസ്സം അനുഭവപ്പെടുകയും ചികിത്സ തേടുകയുമായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും മഥുര ജില്ലാ മജിസ്ട്രേറ്റുമായും മഹാന്തിന്റെ അനുയായികളുമായും സംസാരിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. നൃത്യ ഗോപാല്‍ ദാസിന്റെ മെഡിക്കല്‍ ആവശ്യകതകള്‍ പരിശോധിക്കാന്‍ മേദാന്ത ആശുപത്രിയിലെ ഡോ. ട്രെഹാനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ കൃത്യമായി പരിപാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നൃത്യഗോപാല്‍ ദാസിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമെ, കൊറോണ വൈറസ് പ്രോട്ടോക്കോളുകളും സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും ഉറപ്പുനല്‍കിയ രാം മന്ദിര്‍ ഭൂമി പൂജ പരിപാടിയില്‍ വേദിയിലുള്ളവരെ കൂടാതെ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. ഭൂമി പൂജ ചടങ്ങില്‍ നൃത്യ ഗോപാല്‍ ദാസുമായി സാമൂഹിക അകലം പാലിക്കാത്ത നിലയില്‍ മോദിയുടേയും മറ്റും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ചടങ്ങില്‍ മാസ്ക് ധരിക്കാതെയാണ് ട്രസ്റ്റ് മേധാവി പങ്കടുത്തതും. ഭൂമി പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടയിലും തപാല്‍ സ്റ്റാമ്പ് അനാച്ഛാദനം ചെയ്യുന്നതിനിടെയും മഹാന്ത് നൃത്ത ഗോപാല്‍ ദാസ് പങ്കെടുത്തിരുന്നു. നേരത്തെ ശിലാസ്ഥാപനം നടക്കുന്നതിന് മുന്നേ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കും ഒരു പുരോഹിതനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 24 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മരണസംഖ്യയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 942 പേര്‍ക്കാണ് ഈ സമയപരിധിക്കിടെ കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള് 47,033 ആയി ഉയര്‍ന്നു.